പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും
പത്തനംതിട്ട: ഇലന്തൂരിലെ നരബലി കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ദുർമന്ത്രവാദിയായ പെരുമ്പാവൂർ വെങ്ങോല വേഴപ്പിള്ളി വീട്ടിൽ മുഹമ്മദ് ഷാഫി (52), നാട്ടുവൈദ്യനായ പത്തനംതിട്ട ഇലന്തൂർ കാരംവേലി കടംപള്ളി വീട്ടിൽ ഭഗവൽ സിംഗ് (68), ഇയാളുടെ രണ്ടാം ഭാര്യ ലൈല എന്നിവരാണ് അറസ്റ്റിലായത്. ഉച്ചയോടെയാണ് ഇവരെ കോടതിയിൽ ഹാജരാക്കുക.
കാലടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന റോസ്‌ലി (49), ധർമ്മപുരി സ്വദേശിനി പദ്മ (52) എന്നിവരാണ് കൊല്ലപ്പെട്ടത്. റോസ്‌ലി ജൂൺ എട്ടിന് രാത്രിയിലും പദ്മ സെപ്തംബർ 26നുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പ്രതികളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹങ്ങൾ ഇന്നലെ പുറത്തെടുത്തിരുന്നു.
56 കഷ്ണങ്ങളാക്കിയ പദ്മയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാൻ മകന് കഴിഞ്ഞില്ല. റോസ്‌ലിയുടെ അസ്ഥികൂടം മാത്രമാണ് കിട്ടിയത്. അഞ്ചു കഷ്ണങ്ങളാണ് കിട്ടിയത്. മൃതദേഹഭാഗങ്ങൾ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. ഡി എൻ എ പരിശോധനയടക്കം പൂർത്തിയാക്കിയ ശേഷമായിരിക്കും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുക.അതേസമയം, ഭഗവൽ സിംഗിന്റെ ഇലന്തൂരിലെ വീട്ടിൽ ഇന്നും തെളിവെടുപ്പ് തുടരും. ഫോറൻസിക് സംഘവും പൊലീസും പരിശോധന നടത്തും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി പരിശോധിക്കും