തേക്കടിയില് അവധി ദിനങ്ങള് ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് തുടങ്ങി


കുമളി: തേക്കടിയില് അവധി ദിനങ്ങള് ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് തുടങ്ങി.
വേനല് ചൂടില്നിന്ന് ആശ്വാസം തേടിയെത്തിയവരുടെ ഉള്ളം കുളിര്പ്പിച്ച് മഴകൂടി എത്തിയതോടെ സഞ്ചാരികള്ക്കും സന്തോഷം. കഴിഞ്ഞ ശനിയാഴ്ച മുതല് തുടങ്ങിയ തിരക്ക് വ്യാഴവും വെള്ളിയും പിന്നിട്ട് അടുത്ത തിങ്കള്വരെ തുടരാനാണ് സാധ്യത.
തേക്കടി ഉള്പ്പെടെ സംസ്ഥാനത്തെ മുഴുവന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം സൗജന്യമാക്കിയതോടെ സന്ദര്ശകര്ക്ക് ഇരട്ടി സന്തോഷം. വനം-വന്യജീവി വാരത്തോടനുബന്ധിച്ചാണ് പ്രവേശനം സൗജന്യമാക്കിയത്. തമിഴ്നാട്ടില്നിന്ന് കുട്ടികള് ഉള്പ്പെടെ കുടുംബസമേതം എത്തുന്ന സഞ്ചാരികള്ക്ക് പ്രവേശനം സൗജന്യമാക്കിയത് ഏറെ ഗുണം ചെയ്തു. ഒരാഴ്ചയോളം അവധി ലഭിച്ചതോടെ തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകളായ പെരിയാര് ഹൗസ്, ആരണ്യ നിവാസ്, ലേക് പാലസ് എന്നിവിടങ്ങളിലും തിരക്കായി. ബജറ്റ് ഹോട്ടലായ പെരിയാര് ഹൗസില് താമസിക്കുന്നതിനാണ് സഞ്ചാരികള് മുന്ഗണന നല്കുന്നത്.
ടൗണിലും പരിസരങ്ങളിലുമുള്ള നിരവധി ഹോട്ടലുകള്, ഹോം സ്റ്റേകള് എന്നിവയെല്ലാം സഞ്ചാരികളുടെ വരവോടെ സജീവമായി. തടാകതീരം വെള്ളത്തില് മുങ്ങിയതോടെ ആനക്കൂട്ടത്തെ കാണാനില്ലങ്കിലും അടിക്കടി ബോട്ട് ലാന്ഡിങ്ങിലെത്തി കുസൃതികള് കാണിക്കുന്ന ആന ഞായറാഴ്ചയും പതിവു തെറ്റിച്ചില്ല. കാട്ടിലെ കാഴ്ചകള്ക്കൊപ്പം മഴയുടെ കുളിരും കാറ്റും ആസ്വദിച്ചാണ് സഞ്ചാരികളുടെ തേക്കടി ദിനങ്ങള് കടന്നുപോകുന്നത്.