‘അരിയും മലരും കുന്തിരിക്കവും കരുതാൻ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ല; ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലർ ഫ്രണ്ട് പറയുന്നത്?’ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. സി എച്ച് മുഹമ്മദ് കോയ ഉൾപ്പെടെയുള്ളവർ ഉണ്ടാക്കിയതാണ് കേരളത്തിന്റെ മതേതര പാരമ്പര്യം. സി എച്ച് പ്രചരിപ്പിച്ച മതസൌഹാര്‍ദ്ദം ഇന്നും ദിഗന്തങ്ങളില്‍ മുഴങ്ങുന്നുണ്ട്. അരിയും മലരും കുന്തിരിക്കവും കരുതാൻ എത്ര ഉറക്കെ മുദ്രാവാക്യം വിളിച്ചിട്ടും കാര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പോപ്പുലര്‍ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ വിലപ്പോവാതിരിക്കാന്‍ കാരണം സി എച്ചിന്‍റെ ഉഗ്രമായ ശബ്ദമാണ്. കേരളത്തിന്റെ മതേതരത്വം തകർക്കാൻ പോപ്പുലർ ഫ്രണ്ടിന് കഴിയില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ചേരിയെ തകര്‍ക്കാനാണ് ഫാസിസം ശ്രമിക്കുന്നത്. തീവ്രമുദ്രാവാക്യങ്ങളുമായി ഫാസിസത്തെ ശക്തിപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ ശ്രമം. ഏത് ഇസ്ലാമിനെക്കുറിച്ചാണ് പോപ്പുലർ ഫ്രണ്ട് പറയുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. മതസംഘടനകൾ പഠിപ്പിക്കുന്ന ഇസ്ലാമിൽ തീവ്രവാദമോ വർഗീയതയോ ഇല്ല. പിന്നെവിടുന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് ഈ ആശയങ്ങള്‍ ലഭിക്കുന്നത്. ഇസ്ലാമിനെക്കുറിച്ച് പറയാൻ പോപ്പുലർ ഫ്രണ്ടിന് അവകാശവും അധികാരവുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വർഗീയത പറഞ്ഞു കത്തിക്കുക, എന്നിട്ട് പ്രശ്നങ്ങളുണ്ടാവുമ്പോ എല്ലാവരും കൂടി മുങ്ങുക. ഇതാണ് പോപ്പുലര്‍ ഫ്രണ്ട് രീതിയെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. പ്രശ്നമുണ്ടാവുമ്പോൾ ഇവരെ മഷിയിട്ട് നോക്കിയാൽ കാണില്ല. ഇത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ കുറേകാലമായി തുടരുന്ന രീതിയാണ്. കേസില്‍ പെട്ടവര്‍ പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനേക്കാള്‍ വലിയ ഇളക്കമുണ്ടായിട്ട് മുസ്ലിം ലീഗ് കുലുങ്ങിയിട്ടില്ല.
മുന്‍പ് മുസ്ലിം ലീഗിന് രാഷ്ട്രീയ തോല്‍വികള്‍ ഉണ്ടായപ്പോള്‍ തീവ്രനിലപാട് സ്വീകരിക്കണമെന്ന് ആവശ്യമുന്നയിച്ചവര്‍ ലീഗില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ ശിഹാബ് തങ്ങള്‍ അതിന് വഴങ്ങിയില്ല. എന്തു തോല്‍വിയുണ്ടായാലും സമാധാനത്തിനൊപ്പം മാത്രമേയുള്ളുവെന്ന് തങ്ങള്‍ നിലപാടെടുത്തു. തീവ്രനിലപാട് എടുത്തവര്‍ പിന്നെവിടെപ്പോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.