യുവതിയെ ആശുപത്രിയിലാക്കാൻ കാട്ടിലൂടെ ചുമന്നത് 10 കിലോമീറ്റർ


മൂന്നാർ ∙ പനി ബാധിച്ച് അവശനിലയിലായ ആദിവാസിയുവതിയെ ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേർന്ന് ആശുപത്രിയിലെത്തിച്ചത് 10 കിലോമീറ്റർ മഞ്ചലിൽ ചുമന്ന്. ഇടമലക്കുടി പഞ്ചായത്തിലെ മീൻകൊത്തി സ്വദേശി പാശി മുത്തുവിന്റെ ഭാര്യ വള്ളി(38)യെയാണു ബന്ധുക്കൾ മഞ്ചലിൽ ചുമന്നു മാങ്കുളം ആനക്കുളത്തെത്തിച്ചത്. പിന്നീട് ഇവിടെ നിന്നു വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഒരാഴ്ചയായി പനി പിടിച്ചു വീട്ടിൽ കിടപ്പിലായിരുന്നു വള്ളി. ആദിവാസിക്കുടിയിൽ കനത്ത മഴയായിരുന്നതിനാൽ നടന്ന് സൊസൈറ്റിക്കുടിയിലെ ആശുപത്രിയിൽ പോകാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായി. തനിയെ നടന്നുപോകാൻ പറ്റാതായി. തുടർന്നാണു കമ്പിളി കൊണ്ടുണ്ടാക്കിയ മഞ്ചലിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.മോഹൻദാസിന്റെ നേതൃത്വത്തിൽ ഇവരെ ചുമന്നു കാട്ടിലൂടെ നടന്ന് ആനക്കുളത്ത് എത്തിച്ചത്.സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ രാജമല പുല്ലുമേട് മുതൽ സൊസൈറ്റിക്കുടി വരെ മാത്രമേ റോഡ് ഉള്ളൂ.