ഗൊദാർദിന്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെന്ന് സ്ഥിരീകരണം
കഴിഞ്ഞ ദിവസം അന്തരിച്ച ഗൊദാർദ് ഫ്രഞ്ച് നവതരംഗ സിനിമയുടെ ആചാര്യന്മാരിലൊരാളായിരുന്നു. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായ ‘ബ്രെത്ലെസി’ൽ ലോകപ്രശസ്തമായ ഒരു ഡയലോഗ് ഉണ്ട്. പട്രീഷ്യ നായകനായ പാർവുലെസ്കോയോട് ചോദിക്കുന്നു, “എന്താണ് നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം?” ഇതിനുള്ള നായകന്റെ മറുപടി ഇങ്ങനെ. “അനശ്വരനാവണം, പിന്നെ മരിക്കണം.” സത്യത്തിൽ ഈ സംഭാഷണം ജീവിതത്തിൽ അതേപടി പകർത്തുകയായിരുന്നു ഗൊദാർദ്.
ഗൊദാർദിന്റെ ദീർഘകാല നിയമോപദേഷ്ടാവ് പാട്രിക് ജെന്നെറെറ്റ് അദ്ദേഹത്തിൻ്റെ മരണം വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചപ്പോൾ, വിഖ്യാതസംവിധായകൻ തന്‍റെ അരങ്ങേറ്റ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ ആഗ്രഹം നിറവേറ്റുകയായിരുന്നു. ഇത്തരം മരണങ്ങൾ യുത്തനേസ്യ എന്നാണ് അറിയപ്പെടുന്നത്. പാട്രിക് ജെന്നെറെറ്റ് പറയുന്നതനുസരിച്ച്, ഒന്നിലധികം അസുഖങ്ങൾ ബാധിച്ചതിനാൽ സ്വമേധയാ മരിക്കാൻ ഗൊദാർഡ് സ്വിറ്റ്സർലൻഡിൽ നിയമസഹായം തേടിയിരുന്നു.
പാസ്സീവ് യുത്തനേസിയ, അസിസ്റ്റഡ് സൂയിസൈഡ് എന്നിങ്ങനെ സ്വയംമരണം വരിക്കാനുള്ള വിവിധ തരം മാർഗങ്ങൾ സ്വിറ്റ്സർലൻഡിലുണ്ട്. ഇതിൽ രണ്ടാമത്തേതാണ് ഗൊദാർദ് തിരഞ്ഞെടുത്തത്. ഇത് പ്രത്യേകമായി നിയന്ത്രിക്കപ്പെടാത്തതും, പക്ഷേ ചില നിബന്ധനകൾക്ക് അനുസൃതമായി അംഗീകരിക്കപ്പെടുന്നതുമാണ്. രാജ്യത്തെ ഏറ്റവും പ്രശസ്തമായ സമ്പ്രദായം കൂടിയാണിത്. നിയമത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ സംഘടനകൾ ഈ സംവിധാനത്തിന് പിന്തുണ നൽകുന്നുണ്ട്.