കലൂരില്‍ കഞ്ചാവുമായി പിടിയിലായ അച്ഛനും മകനും ഉള്‍പ്പെട്ട സംഘം നിരവധി തവണ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയതായി എക്സൈസ്


മൂവാറ്റുപുഴ: കലൂരില്‍ കഞ്ചാവുമായി പിടിയിലായ അച്ഛനും മകനും ഉള്‍പ്പെട്ട സംഘം നിരവധി തവണ കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തിയതായി എക്സൈസ്.
വിശദമായ അന്വേഷണത്തിനായി പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
ആന്ധ്രയില്‍ നിന്നും തൊടുപുഴയിലേക്ക് ലോറിയില്‍ കൊണ്ടു വരുന്നതിനിടെയാണ് എണ്‍പതു കിലോ കഞ്ചാവ് എക്സൈസ് സംഘം മൂവാറ്റുപുഴക്കു സമീപം വച്ച് പിടികൂടിയത്. തൊടുപുഴ കാളിയാര്‍ സ്വദേശി തങ്കപ്പന്‍, ഇയാളുടെ മകന്‍ അരുണ്‍, പടിഞ്ഞാറേ കോടിക്കുളം സ്വദേശി നിതിന്‍ വിജയന്‍, വണ്ണപ്പുറം സ്വദേശി അബിന്‍സ് എന്നിവരാണ് ലോറിയില്‍ ഉണ്ടായിരുന്നത്.
ഇവരെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിദേശത്തുള്ള നാസറിന്‍റെ നിര്‍ദ്ദേശ പ്രകാരം അരുണാണ് ഇവിടെ കഞ്ചാവ് കടത്തിന് നേതൃത്വം നല്‍കിയിരുന്നത്. മൊബൈല്‍ ആപ്പുകള്‍ വഴിയാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയിരുന്നത്. മൂന്നു വര്‍ഷത്തിലധികമായി ഇയാള്‍ ലോറിയില്‍ ആന്ധ്രയില്‍ പോയി വരുന്നുണ്ട്. ഇത്തവണ പിടിയിലായ ലോറിയും അരുണിന്‍റെ പേരിലുള്ളതാണ്. നിരവധി തവണ അരുണിന്‍റെ നേതൃത്വത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.
ഓരോ തവണയും ആയിരം കിലോയിലധികം കഞ്ചാവാണ് ഇവര്‍ അതിര്‍ത്തി ചെക്കു പോസ്റ്റുകളിലൂടെ കൊണ്ടു വരുന്നത്. കഴിഞ്ഞ രണ്ടാം തീയതിയും 1500 കിലോ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ചിരുന്നു. ഇത്തവണ ലോറിയിലുണ്ടായിരുന്ന സാധനങ്ങള്‍ മംഗലാപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇറക്കിയതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇതില്‍ കഞ്ചാവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് എക്സൈസ് സംശയിക്കുന്നത്.
മഞ്ചേശ്വരം ചെക്കു പോസ്റ്റ് കടന്ന് നൂറുകണക്കിനു കിലോമീറ്റര്‍ കേരളത്തിലൂടെ സഞ്ചിരിച്ചാണ് ഇത്തവണ ലോറി മൂവാറ്റുപുഴയിലെത്തിയത്. രണ്ടാഴ്ചയിലൊരിക്കല്‍ വിദേശത്തു നിന്നും നാസര്‍ കേരളത്തിലെത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ വന്‍ കഞ്ചാവ് കടത്തിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് എക്സൈസ്.