സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു. മലപ്പുറത്ത് തിരൂരങ്ങാടിയില്‍ കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് രണ്ട് പേരും പാലായില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേരുമാണ് മരിച്ചത്.
തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറത്ത് രണ്ട് പേര്‍ മരിച്ചത്. വേങ്ങര വലിയോറ ഇരുകുളം അബ്ദുള്ള കോയ, ബാലുശ്ശേരി സ്വദേശി ഫായിസ് അമീന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാറിനെ ഓവര്‍ടേക്ക് ചെയ്ത പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.
മലപ്പുറം കൊണ്ടോട്ടിയില്‍ ലോറിയിടിച്ച് സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ്, 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. കോടങ്ങാട് ചിറ റോഡില്‍ കോറിപ്പുറം കയറ്റത്തിലായിരുന്നു അപകടം. ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയും ബസും റോഡിന്റെ വശത്തേക്ക് മറിഞ്ഞു. പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
പാലായില്‍ ചെത്തിമറ്റത്തിന് സമീപം ബസ്സിനടിയില്‍പ്പെട്ട യുവാവ് മരിച്ചു. സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന 21 കാരനായ യുവാവാണ് ദാരുണമായി മരിച്ചത്. മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത്. ബസിനടിയില്‍പ്പെട്ട യുവാവിന്‍റെ തല തകര്‍ന്ന നിലയിലായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജര്‍മന്‍ ഭാഷ പഠിക്കാന്‍ കണ്ണൂരില്‍ നിന്ന് എത്തിയതായിരുന്നു മരിച്ച യുവാവ്. തൊട്ടുപിന്നാലെ പാലായില്‍ നടന്ന മറ്റൊരിു അപകടത്തില്‍ ഓട്ടോ യാത്രക്കാരന് ജീവന്‍ നഷ്ടമായി. പാലാ പുലിയന്നൂരില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോ യാത്രികനായ കെ ജെ ജോസഫാണ് മരിച്ചത്.
കൊല്ലം ആര്യങ്കാവില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പുനലൂരില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കാറും തെങ്കാശിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസുമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പുരുഷന്മാരും ഒരു പെണ്‍കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. കാറിന്റെ അമിതവേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.