സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാ തല ഉദ്ഘാടനം നെടുംകണ്ടത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു


ഇടുക്കി: സപ്ലൈകോ ഓണം ഫെയറിന്റെ ജില്ലാ തല ഉദ്ഘാടനം നെടുംകണ്ടത്ത് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.
ഗുണനിലവാരമുള്ള ഉത്പ്പന്നങ്ങള്‍ മിതമായ വിലയില്‍ എല്ലാവര്‍ക്കും ഗുണം ലഭിക്കത്തക്ക രീതിയില്‍ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ശ്രമകരമായ പ്രവര്‍ത്തനമാണ് സപ്ലൈകോ കേരളത്തിലുടനീളം നടത്തിവരുന്നത്.
പ്രളയവും കൊവിഡ് മഹാമാരിയും മൂലം കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി ഓണം അതിന്റെ പൂര്‍ണതയില്‍ ആഘോഷിക്കാന്‍ മലയാളികള്‍ക്ക് സാധിച്ചിരുന്നില്ല. കൊവിഡ് തീവ്രത കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ സര്‍ക്കാര്‍ തലത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. സപ്ലൈക്കോ ഒരുക്കിയിരിക്കുന്ന ‘സമൃദ്ധി’ സ്‌പെഷ്യല്‍ ഓണക്കിറ്റിന്റെ ആദ്യ വിതരണവും മന്ത്രി ചടങ്ങില്‍ നടത്തി. സെപ്തംബര്‍ ഏഴ് വരെ നെടുങ്കണ്ടം പടിഞ്ഞാറേക്കവല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മഠത്താമുറി ബില്‍ഡിങ്ങിലാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ജില്ലാതല ഫെയറിനോട് ഒപ്പം തന്നെ ഇടുക്കിയില്‍ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും മിതമായ വിലയ്ക്ക് ലഭ്യമാക്കി വിപണിയിലെ വിലവര്‍ദ്ധന പിടിച്ചുനിര്‍ത്തുന്നത് ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളം ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. മേളയില്‍ പഞ്ചായത്ത് അംഗം എം.എസ്. മഹേശ്വരന്‍, സപ്ലൈകൊ റീജിയണല്‍ മാനേജര്‍ എം. സുള്‍ഫിക്കര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.