ഷാജഹാന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി


പാലക്കാട്: സിപിഎം പ്രാദേശിക നേതാവ് ഷാജഹാന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് കോടതിയില്‍ പരാതി.
കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് പറഞ്ഞ് ഇവരുടെ അമ്മമാരാണ് പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച കോടതി, അന്വേഷണം നടത്താനായി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.
കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തുകയാണ്. ശനിയാഴ്ച ഉച്ചയോടെയാണ് കമ്മീഷന്‍ പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണം ആരംഭിച്ചത്. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്.
ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്. കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തിരുന്നു. പ്രതികളെല്ലാം ബി ജെ പി- ആര്‍ എസ് എസ് അനുഭാവികളാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ സി പി എം അനുഭാവികളാണെന്ന് ചില പ്രതികള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.