ജില്ലയിലെ പട്ടയ വിതരണം തടസപ്പെടുത്താന്‍ അനാവശ്യ തടസവാദങ്ങളും യുക്തിരഹിതമായ സംശയങ്ങളും ഉയര്‍ത്തുന്നതായി അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭാ സംസ്ഥാന കമ്മിറ്റി ആരോപിച്ചു

തൊടുപുഴ: ജില്ലയിലെ പട്ടയ വിതരണം തടസപ്പെടുത്താന്‍ അനാവശ്യ തടസവാദങ്ങളും യുക്തിരഹിതമായ സംശയങ്ങളും ഉയര്‍ത്തുന്നതായി അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭാ സംസ്ഥാന കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
2020 ജൂണ്‍ രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആരംഭിച്ച പട്ടയ നടപടികള്‍ കഴിഞ്ഞ ഏതാനും നാളുകളായി തടസപ്പെട്ട നിലയിലാണ്. ആറ് മാസത്തിനിടെ ഇടുക്കിയില്‍ ഒരു പട്ടയം പോലും വിതരണം ചെയ്തിട്ടില്ല. കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസിന് കീഴില്‍ വരുന്ന ഉടുമ്ബന്നൂര്‍, വെള്ളിയാമറ്റം വില്ലേജുകളില്‍ മാത്രം 537 പട്ടയ അപേക്ഷകളില്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. എന്നാല്‍ പട്ടയ വിതരണ നടപടികള്‍ നിറുത്തി വച്ചിട്ടില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ജില്ലാ കളക്ടറേറ്റില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ പറയുന്നത്. കരിമണ്ണൂര്‍ ഭൂമി പതിവ് ഓഫീസില്‍ നിന്ന് തൊടുപുഴ താലൂക്ക് ഭൂമി പതിവ് കമ്മിറ്റി ശുപാര്‍ശ ചെയ്ത 530 അപേക്ഷകളില്‍ പരിശോധന നടത്തി ലിസ്റ്റ് അംഗീകരിക്കുന്നതിനുള്ള തുടര്‍ നടപടികളിലാണ്. 1964ലെ ചട്ടം പ്രകാരം വിവിധ താലൂക്ക് ഭൂമി പതിവ് കമ്മിറ്റികള്‍ സമര്‍പ്പിച്ച ലിസ്റ്റുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതായും വിവരാവകാശ രേഖയില്‍ പറയുന്നു. എന്നാല്‍ പല വില്ലേജുകളിലും അപേക്ഷ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കള്‍ ആരോപിച്ചു. എല്ലാ വില്ലേജുകളിലും റീസര്‍വ്വേ നടന്നെങ്കിലും ബേസിക് ടാക്‌സ് രജിസ്റ്ററിലെ അവ്യക്തതയാണ് ഇപ്പോള്‍ പട്ടയ വിതരണം വൈകാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത് നേരത്തെ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകാത്തത് അപേക്ഷകരുടെ കുറ്റമല്ല.
അധികൃതരുടെ ഭാഗത്ത് നിന്നുള്ള അലംഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ അവകാശ സമര പ്രഖ്യാപനം നടത്തുന്നതോടൊപ്പം വനം, റവന്യൂ ഓഫീസുകള്‍ ഉപരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. അഖില തിരുവിതാംകൂര്‍ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരന്‍, വൈസ് പ്രസിഡന്റ് പി.വി. വിജയന്‍, ജനറല്‍ സെക്രട്ടറി വി.പി. ബാബു, ജോയിന്റ് സെക്രട്ടറി എം.ഐ. വിജയന്‍, മേഖലാ ചെയര്‍മാന്‍ കെ.കെ. സോമന്‍ എന്നിവര്‍ സംസാരിച്ചു.