സര്‍വത്ര വെള്ളത്താല്‍ നാട് മുങ്ങിയ 2018ലെ മഹാപ്രളയത്തിെന്‍റ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല് വയസ്സ് പിന്നിടുന്നു
സര്‍വത്ര വെള്ളത്താല്‍ നാട് മുങ്ങിയ 2018ലെ മഹാപ്രളയത്തിെന്‍റ നടുക്കുന്ന ഓര്‍മകള്‍ക്ക് നാല് വയസ്സ് പിന്നിടുന്നു.
പ്രളയത്തിെന്‍റ മുറിവുകള്‍ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഇടുക്കിയെ പിടിച്ചുലച്ചു. അമ്ബതിലധികംപേര്‍ മരിച്ചു. ചെറുതും വലുതുമായ ഉരുള്‍പൊട്ടല്‍ വഴി ആയിരത്തിലധികം പ്രധാന റോഡുകള്‍ തകര്‍ന്നടിഞ്ഞു. പൊതുമരാമത്ത് വകുപ്പിന് മാത്രം നഷ്ടം 1000 കോടി. നിരവധി പാലങ്ങളും വീടുകളും ഇല്ലാതായി. ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. പ്രളയം വരുത്തിവെച്ച കെടുതികളില്‍നിന്ന് ഇനിയും കരകയറാന്‍ കഴിയാത്ത പ്രദേശങ്ങള്‍ ജില്ലയില്‍ ഏറെയാണ്. പ്രഖ്യാപിച്ച നഷ്ടപരിഹാരമോ പുനരധിവാസ പാക്കേജുകളോ പ്രളയാനന്തര പുനര്‍നിര്‍മാണമോ യാഥാര്‍ഥ്യമാകാതെപോയത് ആദിവാസി മേഖലകളടക്കമുള്ള ഈ പ്രദേശങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക് തള്ളിവിട്ടു. ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങളിലൂടെ ഒരു അന്വേഷണം…
പ്രളയമുറിവിന്‍റെ പലായനങ്ങള്‍
ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും ഉപേക്ഷിച്ച് പലായനം ചെയ്തവരുടെ നാടാണ് വെള്ളത്തൂവല്‍ പഞ്ചായത്തിലെ എസ്. വളവ്. 2018 ആഗസ്റ്റ് 15ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും അഞ്ചുപേര്‍ മരിച്ചു. 20ലേറെ കുടുംബങ്ങളാണ് ദുരന്തത്തിനുശേഷം സര്‍വതും ഉപേക്ഷിച്ച് നാടുവിട്ടത്. ഭൂമിയും വീടും വില്‍പന നടത്തി പോകാമെന്നുവെച്ചാല്‍ വാങ്ങാന്‍ ആരും മുന്നോട്ടുവരില്ല. സൗജന്യമായി നല്‍കാമെന്ന് പറഞ്ഞാല്‍പോലും ഭൂമി വേണ്ടാത്ത അവസ്ഥ. ഈയൊരു സാഹചര്യത്തിലാണ് ഒരു ആയുസ്സിെന്‍റ വിയര്‍പ്പും അധ്വാനവും ഉപേക്ഷിച്ച് ഇവിടെയുള്ള പലരും മറ്റിടങ്ങളിലേക്ക് ചേക്കേറിയത്.
വിദൂര സ്ഥലങ്ങളിലെ വാടകവീടുകളിലാണ് ഇപ്പോള്‍ ഇവരുടെ താമസം. ജില്ലയിലെ ആദ്യ കുടിയേറ്റ മേഖലയില്‍ വരുന്ന സ്ഥലമാണ് എസ്. വളവ്. റബറും കുരുമുളകും കൊക്കോയും എന്നുവേണ്ട എല്ലാ കൃഷികളും സമൃദ്ധമായി വിളഞ്ഞിരുന്ന പ്രദേശം. ഒരോ വര്‍ഷവും ആവര്‍ത്തിക്കുന്ന പ്രകൃതിദുരന്തങ്ങളില്‍ പകച്ചുനില്‍ക്കാനേ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. ഒടുവില്‍ ജീവന്‍ നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് അവര്‍ ഏറെ വേദനയോടെ സ്വന്തം ഗ്രാമത്തെ ഉപേക്ഷിച്ചുപോയത്.
സമാന രീതിയില്‍ 1974ലും ഇവിടെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിരുന്നു. അന്നും അഞ്ചുപേരാണ് മരിച്ചത്. 1974 ജൂലൈ 26നായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ഇതും എസ് വളവിെന്‍റ നെഞ്ചകം തകര്‍ത്തിരുന്നു. കീഴ്ക്കാംതൂക്കായ മലഞ്ചരുവില്‍ ഇനിയും പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും മേഖലയില്‍ താമസിക്കുന്നവര്‍ ഇവിടത്തോട് വിടപറയാന്‍ കാരണമാണ്. ഇതിനോടുചേര്‍ന്ന് പന്നിയാര്‍കുട്ടിയും ഉരുള്‍പൊട്ടല്‍ വലിയ നാശമാണ് ഉണ്ടാക്കിയത്.
2018 ആഗസ്റ്റ് 17ന് രാവിലെ 11നാണ് പന്നിയാര്‍കുട്ടിക്കുനേരെ എതിര്‍ദിശയിലുള്ള കൂറ്റന്‍ മല നെടുകെ പിളര്‍ന്ന് പന്നിയാര്‍കുട്ടി ടൗണിനെ വിഴുങ്ങിയത്. നിരവധി വ്യാപാരസ്ഥാപനങ്ങളും വീടുകളും ഇവിടെ മണ്ണിനടിയിലായി. എന്നാല്‍, നാട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുതിരപ്പുഴയാറിന് കുറുകെയുള്ള പാലം തകര്‍ന്നതോടെ എല്ലക്കല്‍ നിവാസികള്‍ക്ക് യാത്രമാര്‍ഗവും നഷ്ടമായി.
പുഴക്ക് കുറുകെ പാലം നിര്‍മാണം ആരംഭിച്ചെങ്കിലും അനന്തമായി നീളുകയാണ്. ഗതികെട്ട നാട്ടുകാര്‍ കാട്ടുകമ്ബും മറ്റും ഉപയോഗിച്ച് താല്‍ക്കാലിക സൗകര്യമൊരുക്കിയിട്ടുണ്ട്. അഞ്ചുപേര്‍ മരിച്ച അടിമാലി എട്ട്മുറിയിലെ ദുരന്തവും കൊന്നത്തടി, മാങ്കുളം പഞ്ചായത്തുകളിലെ ദുരന്തങ്ങളും നാടിന് ഇന്നും തീരാനോവായി തുടരുകയാണ്.