ബഫര്‍ സോണ്‍ വിധിക്കെതിരെ ഇടുക്കിയില്‍ വീണ്ടും സമരങ്ങള്‍ ശക്തമായി
ഇടുക്കി : സംരക്ഷിത വന മേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ വേണമെന്ന വിധിക്കെതിരെ ഇടുക്കിയില്‍ വീണ്ടും സമരങ്ങള്‍ ശക്തമായി.
ജില്ലയില്‍ പലഭാഗത്തായി ചിങ്ങം ഒന്നിന് സമരവുമായി എത്തിയത് കത്തോലിക്ക കോണ്‍ഗ്രസും ഇന്‍ഫാമുമാണ്.
ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകളേയും അവിടുത്തെ നിര്‍മ്മിതികളേയും സംബന്ധിച്ച റിപ്പോര്‍ട്ട് സെപ്റ്റംബര്‍ മൂന്നിനു മുമ്ബ് മുഖ്യ വനപാലകന്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്ബോള്‍ ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തിയാലുള്ള ദുരിതങ്ങള്‍ കൃത്യമായി കോടതിയെ അറിയിക്കണമെന്നാണ് സമര രംഗത്തുള്ള കര്‍ഷക സംഘടനകളുടെ ആവശ്യം. തുടര്‍ സമരങ്ങളുടെ ഭാഗമായി കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതയിലെ നാലു സ്ഥലങ്ങളില്‍ കര്‍ഷക റാലിയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു
ബഫര്‍സോണ്‍ വിഷയത്തില്‍ കൃഷി മന്ത്രി പി പ്രസാദ് സ്വീകരിച്ചിരിക്കുന്ന കര്‍ഷക വിരുദ്ധ നിലപാടില്‍ നിന്നും പിന്മാറണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്‍ഫാമിന്‍റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ അഞ്ച് സ്ഥലങ്ങളിലായിരുന്നു ബഫര്‍ സോണ്‍ വിരുദ്ധ ദിനാചരണം.