ഇടുക്കി മെഡിക്കല്‍ കോളജിന്റെ കരാറുകാരായ കിറ്റ്‌ക്കോയ്‌ക്കെതിരെ വികസനസമിതി അംഗങ്ങളുടെ പ്രതിഷേധം
ചെറുതോണി :ഇടുക്കി മെഡിക്കല്‍ കോളജിന്റെ കരാറുകാരായ കിറ്റ്‌ക്കോയ്‌ക്കെതിരെ വികസനസമിതി അംഗങ്ങളുടെ പ്രതിഷേധം.
കഴിഞ്ഞ ശനിയാഴ്‌ച മെഡിക്കല്‍ കോളജില്‍, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റശേഷം നടന്ന പ്രഥമ യോഗത്തില്‍ മന്ത്രി റോഷി അഗസ്‌റ്റിന്‍, കലക്‌ടര്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രതിഷേധം. മെഡിക്കല്‍ കോളജിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്‌ഘാടനം മൂന്നുതവണ മാറ്റിവച്ചശേഷം നാലാം തവണ ഓഗസ്‌റ്റ് ഒന്നിന് ആരംഭിക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ അത്യാഹിത വിഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയായില്ലെന്ന് കിറ്റ്‌കോ ഭാരവാഹികള്‍ പറഞ്ഞപ്പോഴായിരുന്നു അംഗങ്ങള്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരോഗ്യ് മന്ത്രി വീണാ ജോര്‍ജ്, മന്ത്രി റോഷി അഗസ്‌റ്റിന്‍, എം.എം. മണി എം.എല്‍.എ, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങി ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരെല്ലാം പങ്കെടുത്ത യോഗത്തില്‍ നവംബര്‍ ഒന്നിന് പുതിയ ബ്ലോക്ക് ഉദ്‌ഘാടനം നടത്താന്‍ തീരുമാനിച്ചിരുന്നു.
കിറ്റ്‌കോ അതിനു മുമ്ബ് പണികള്‍ തീര്‍ത്തു നല്‍കാമെന്ന് സമ്മതിച്ചിരുന്നതുമാണ്. എന്നാല്‍ ഉദ്‌ഘാടനത്തിനു മുമ്ബ് പണി തീര്‍ന്നില്ലെന്നും 13നു പണികള്‍ തീര്‍ത്തു നല്‍കാമെന്നും അറിയിച്ചു. എന്നാല്‍, 13 നും പണികള്‍ തീര്‍ത്തില്ല. 10 മാസം കഴിഞ്ഞ് വീണ്ടും പുതിയ ബ്ലോക്കിന്റെ പണി ഓഗസ്‌റ്റ് ഒന്നിന് തീര്‍ത്തു നല്‍കാമെന്ന് അറിയിച്ചിരുന്നു.
ഇതനുസരിച്ച് ഇതിനുള്ള എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയാക്കി അവസാനഘട്ട ചര്‍ച്ചയിലാണ് കിറ്റ്‌കോ വീണ്ടും സമയം ചോദിച്ചത്. ഇതു കേട്ടയുടനെ മന്ത്രിയുള്‍പ്പെടെ എല്ലാ അംഗങ്ങളും രോഷാകുലരായി. കിറ്റ്‌കോയുടെ പ്രധാന ഉദ്യോഗസ്‌ഥന്‍ മാറി നിന്ന ശേഷം കീഴ്‌ജീവനക്കാരെ വിട്ടാണ് വീണ്ടും അവധി പറഞ്ഞത്. അംഗങ്ങള്‍ രോഷാകുലരാകുകയും കൈയാങ്കളിയില്‍ വരെയെത്തുകയും ചെയ്‌തിരുന്നു.
എട്ടു വര്‍ഷം മുമ്ബാണ് കിറ്റ്‌കോയ്‌ക്ക് സര്‍ക്കാര്‍ കരാര്‍ നല്‍കിയത്. നിര്‍മാണം വൈകാതിരിക്കാനാണ് കിറ്റ്‌കോയ്‌ക്ക് കരാര്‍ നല്‍കിയത്. ടെന്‍ഡര്‍ നല്‍കാതെ നിര്‍മാണ ചുമതല നല്‍കുന്നതിലൂടെ സമയ ബന്ധിതമായി ഇതു പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കിറ്റ്‌കോ നല്‍കുന്ന ബില്ലുകള്‍ ഓഡിറ്റില്ലാതെ പാസാക്കി നല്‍കുകയാണ് പതിവ്.
കാലാകാലങ്ങളിലുണ്ടാകുന്ന വില വര്‍ധനയും കൂലി കൂടുതലും അനുസരിച്ചുള്ള ബില്ലുകളാണ് കിറ്റ്‌കോ നല്‍കുന്നത്. മറ്റു കരാറുകാര്‍ക്കുണ്ടാകുന്ന യാതൊരു നഷ്‌ടവും കിറ്റ്‌കോയ്‌ക്ക് ഉണ്ടാകുന്നില്ല. ലാഭമുള്ള നിര്‍മാണങ്ങള്‍ മാത്രം നടത്തി ഫിനിഷിങ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കാത്തതാണ് പ്രധാന തടസം. കിറ്റ്‌കോ നിര്‍മാണമേറ്റെടുത്ത ശേഷം കുറഞ്ഞ ചെലവില്‍ ഉപകരാറുകാര്‍ക്ക് മറിച്ചുനല്‍കുകയാണ് പതിവ്.
ഉപകരാറുകാര്‍ക്ക് യഥാസമയം പണം നല്‍കാറില്ലെന്ന് ആരോപണമുണ്ട്. വികസന സമിതിയോഗത്തില്‍ കിറ്റ്‌കോയുടെ ഉപകരാറുകാരെ കൊണ്ടുവന്ന് പണമില്ലാത്തതിനാലാണ് നിര്‍മാണം വൈകുന്നതെന്ന് പറയിച്ചതോടെയാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. 500 കോടിയോളം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കിറ്റ്‌കോയ്‌ക്ക് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭൂരിഭാഗം തുകയും നല്‍കി കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ഇടുക്കിയില്‍ നല്‍കിയ തുക മറ്റു സ്‌ഥലങ്ങളിലേക്ക് മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അംഗങ്ങള്‍ ആരോപിച്ചു. കിറ്റ്‌കോ ഏറ്റെടുത്ത ഒരു കെട്ടിടത്തിന്റെയും നിര്‍മാണം എട്ടു വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നു. ഫിനിഷിങ് ജോലികള്‍ക്കാണ് കൂടുതല്‍ പണം ചെലവാകുന്നത്. അതിനാല്‍ ഒരു കെട്ടിടത്തിന്റെയും ഫിനിഷിങ് ജോലികള്‍ നടത്തിയിട്ടില്ല. കിറ്റ്‌കോയുടെ ഉത്തരവാദിത്തമില്ലായ്‌മയാണ് നിര്‍മാണം വൈകുന്നതെന്നും ഓരോ മാസവും പണം ആവശ്യപ്പെടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നും അംഗങ്ങള്‍ പറഞ്ഞു. സാമ്ബത്തിക ഭദ്രതയുള്ള കരാറുകാര്‍ക്ക് നിര്‍മാണ ചുമതല നല്‍കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ഒന്നാം തീയതി തന്നെ പുതിയ കെട്ടിടത്തില്‍ ചികിത്സ ആരംഭിക്കുമെന്നും മന്ത്രി റോഷി അഗസ്‌റ്റിന്‍ പറഞ്ഞു.