തെരുവ് നായ്‌ക്കളുടെ സംരക്ഷണ ഉത്തരവാദിത്വം : മനുഷ്യാവകാശ കമ്മീഷനിൽ ഹർജി
തൊടുപുഴ: തെരുവ് നായ്‌ക്കളുടെ സംരക്ഷണ ഉത്തരവാദിത്വം തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളെയും മൃഗ സ്‌നേഹികളെയും ഏല്‍പ്പിക്കണമെന്നും നായ്‌ക്കളുടെ അക്രമണത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് ഇവരില്‍ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്നും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷനില്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
കോലാനി വരകില്‍ തോമസ്, കുമ്മംകല്ല് കണ്ടത്തില്‍ കെ.കെ. ഷാജി എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. അടുത്ത നാളുകളിലായി മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നിരവധിയാളുകള്‍ക്ക് തെരുവുനായയുടെ അക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇതില്‍ ചിലര്‍ മരണമടയുകയും ചെയ്‌തതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നായകളുടെ അക്രമത്തിനിരയായ കുട്ടികളുടെ മാനസിക നില വരെ മാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ അക്രമിച്ചാല്‍ ഉടമസ്‌ഥനെതിരേ നിയമ നടപടി സ്വീകരിക്കാന്‍ വ്യവസ്‌ഥയുണ്ട്. എന്നാല്‍, തെരുവുനായകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വന്യമൃഗത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടാത്ത തെരുവുനായകള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും അനിയന്ത്രിതമായി പെറ്റുപെരുകുകയാണ്.
ഇവയെ നിയന്ത്രിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളും തയാറാകുന്നില്ല. തെരുവ് നായകളെ സംരക്ഷിക്കാന്‍ തദ്ദേശ സ്‌ഥാപനങ്ങള്‍ക്കൊപ്പം മൃഗസ്‌നേഹികള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഫയലില്‍ സ്വീകരിച്ച ഹര്‍ജി തുടര്‍ നടപടികള്‍ക്കായി മാറ്റി.