കാലവർഷം ആരംഭിച്ചതോടെ ഇടുക്കി കല്ലാർ – മാങ്കുളം റോഡിൽ മരംവീണ് ഗതാഗത തടസവും വൈദ്യുതി തടസവും തുടര്‍ക്കഥ.
മൂന്ന് ദിവസങ്ങളിലായി 19 ഇലക്‌ട്രിക് പോസ്റ്റുകളാണ് പ്രദേശത്ത് തകർന്നുവീണത്. തുടർച്ചയായി മരങ്ങൾ കടപുഴകി വീഴുന്നതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. തലനാരിഴക്കാണ് വലിയ അപകടങ്ങൾ ഒഴിവാകുന്നത്. റോഡിന് ഇരുവശങ്ങളിലുമായി നിൽക്കുന്ന മരങ്ങൾ വൈദ്യുത പോസ്റ്റുകളിലേക്ക് പതിക്കുന്നതിനെ തുടർന്ന് മാങ്കുളം മേഖല ഒറ്റപ്പെട്ട അവസ്ഥയിലാണ്. തുടർച്ചയായി മരങ്ങൾ വിണ് വൈദ്യുത പോസ്റ്റുകൾ തകരുന്നതിനാൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. ഇന്‍റർനെറ്റ് കേബിൾ സംവിധാനങ്ങളും തകർന്നതോടെ ജനജീവിതം സ്തംഭിച്ച സ്ഥിതിയാണ്.കല്ലാർ മുതൽ വിരിപാറ വരെയുള്ള മേഖലയിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്.
മാങ്കുളം മേഖലയിലേക്ക് വൈദ്യുതി തടസം കൂടാതെ ലഭ്യമാക്കുന്നതിനായി മണ്ണിന് അടിയിലൂടെ വൈദ്യുതി എത്തിക്കുന്ന പദ്ധതിക്കായി സർവേ നടപടികൾ നടത്തിയെങ്കിലും തുടർ നടപടികള്‍ ഒന്നും ഉണ്ടായില്ല. കാലവർഷത്തിന് മുന്നോടിയായി അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റുവാൻ ജില്ല ഭരണകൂടം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. എത്രയും വേഗം വൈദ്യുതിയും ഇന്‍റർനെറ്റ് സംവിധാനങ്ങളും പുനഃസ്ഥാപിക്കണമെന്നും അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.