ഏലക്കായ്ക്ക് കൃത്രിമ നിറം ചേര്‍ത്താല്‍ കേസ്; കര്‍ശന നടപടിയുമായി സ്‌പൈസസ് ബോര്‍ഡ്
നിറം ചേര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കും. ഏലത്തിന്‍റെ വിലയിടവ് തടയുന്നതിന് നടപടി സ്വീകരിക്കാന്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. ഒരു കിലോഗ്രാം ഏലക്കായ്ക്ക് നിലവില്‍ 800 രൂപയില്‍ താഴെയാണ് കര്‍ഷകർക്ക് വില ലഭിക്കുന്നത്. എന്നാല്‍ ഉത്പാദന ചെലവ് ആയിരം രൂപയ്ക്ക് മുകളില്‍ വരും. റീ പൂളിങ്ങിലൂടെ വിറ്റഴിച്ച ഏലക്ക വീണ്ടും ലേലത്തിനെത്തുന്നതാണ് വിലയിടിവിന്‍റെ പ്രധാന കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം. പച്ച നിറം കൂടുതലായി ലഭിക്കാന്‍ കൃത്രിമ നിറം ചേര്‍ക്കുന്നത് പതിവാണ്. ഇത് ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ സഹായത്തോടെ പരിശോധന നടത്തി കേസെടുക്കും. താങ്ങുവില നിശ്ചയിച്ച് ഏലം മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം പതിനായിരം മെട്രിക് ടണ്‍ ഏലക്കയാണ് കയറ്റി അയച്ചത്. ഇത്തവണ കയറ്റുമതി കൂടുമെന്നാണ് പ്രതീക്ഷ. അമിത കീടനാശിനി സാന്നിധ്യം മൂലം വിദേശരാജ്യങ്ങളില്‍ നിന്നും ഏലക്ക തിരിച്ചയയ്‌ക്കുന്നത് തടയാന്‍ കയറ്റുമതിക്ക് അനുയോജ്യമായ ഏലക്ക ഉത്പാദിപ്പിക്കാനും സ്‌പൈസസ് ബോര്‍ഡ് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണനിലവാരം കുറഞ്ഞ ഏലക്കയുടെ ലേലത്തിനായി പ്രത്യേക ദിവസം ക്രമീകരിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. കര്‍ഷകര്‍ ലേലത്തിനെത്തിക്കുന്ന ഏലക്കായ്ക്ക് മുന്‍ഗണന ക്രമത്തില്‍ ലോട്ട് നമ്പര്‍ ലഭിക്കുന്നതിനുള്ള പ്രത്യേക സോഫ്‌റ്റ്‌വെയര്‍ സജ്ജമായിട്ടുണ്ടെന്ന് സ്‌പൈസസ് ബോര്‍ഡ് അറിയിച്ചു. യോഗത്തില്‍ സ്‌പൈസസ് ബോര്‍ഡ് ജീവനക്കാരും ലേല ഏജന്‍സി പ്രതിനിധികളും കര്‍ഷക സംഘടന പ്രതിനിധികളും പങ്കെടുത്തു.