ശബരിമല വെര്‍ച്വല്‍ ക്യൂ ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിന് കൈമാറും

തിരുവനന്തപുരം: ശബരിമല തീർഥാടകർക്കായി പൊലീസ് വികസിപ്പിച്ചെടുത്ത വെർച്വൽ ക്യൂ സംവിധാനത്തിന്‍റെ മുഴുവൻ ഉടമസ്ഥാവകാശവും തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറുന്നത്.
ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ.ഡോ.കെ.അനന്തഗോപൻ, ചീഫ് സെക്രട്ടറി വി.പി.ജോയി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
പൊലീസ് നടപ്പാക്കുന്ന ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2021ൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് 2022 മേയിൽ ദേവസ്വം ബോർഡിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചത്.