ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കൻ ജാപ്പനീസ് നഗരമായ നാരയിലാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും ആബെ രക്തം വാർന്ന് നിലത്ത് വീണതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നെഞ്ചിലാണ് വെടിയേറ്റതെന്നാണ് വിവരം.
ജപ്പാന്‍റെ ഔദ്യോഗിക മാധ്യമമായ ജപ്പാൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർച്ചയായി രണ്ട് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഷിൻസോ ആബെ. 2020 ൽ അദ്ദേഹം സ്ഥാനമൊഴിഞ്ഞിരുന്നു. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.