കാര്‍ഷിക നിയമങ്ങള്‍ പോലെ, അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരുമെന്നും നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ‘അഗ്നിപഥ്’ പദ്ധതിയ്‌ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുമ്ബോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കാര്‍ഷിക നിയമങ്ങള്‍ പോലെ, അഗ്നിപഥ് പദ്ധതിയും പിന്‍വലിക്കേണ്ടിവരുമെന്നും നരേന്ദ്ര മോദി സൈനികരോട് മാപ്പ് പറയേണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ‘ജയ് ജവാന്‍, ജയ് കിസാന്‍’ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും രാഹുല്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
‘അഗ്നിപഥ് – യുവാക്കള്‍ നിരസിച്ചു, കാര്‍ഷിക നിയമം – കര്‍ഷകര്‍ നിരസിച്ചു, നോട്ട് നിരോധനം – സാമ്ബത്തിക വിദഗ്ധര്‍ നിരസിച്ചു, ജി.എസ്.ടി – വ്യാപാരികള്‍ നിരസിച്ചു. സുഹൃത്തുക്കളുടെ ശബ്ദമല്ലാതെ മറ്റൊന്നും കേള്‍ക്കാത്തതിനാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് പ്രധാനമന്ത്രിക്ക് മനസ്സിലാകുന്നില്ല’- രാഹുല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
അതേസമയം, ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്‍റ് പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അഗ്നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിള്‍സിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയില്‍ 3 വര്‍ഷം ഇളവ് നല്‍കാനും തീരുമാനമായി.