ചെള്ള് പനി മരണം; ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രണ്ട് ചെള്ള് പനി മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പും വെറ്ററിനറി വകുപ്പും സംയുക്തമായി പരിശോധന നടത്തും. ഈ മാസം ഇതുവരെ 15 പേർക്കാണ് സംസ്ഥാനത്ത് പനി സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ചെള്ള് പനി റിപ്പോർട്ട് ചെയ്യുന്നത് അസാധാരണമല്ല. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ട് മരണങ്ങളിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്. ഈ വർഷം ഇതുവരെ 132 പേർക്കാണ് സംസ്ഥാനത്ത് സ്ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. സാധാരണയായി, ചെള്ള് പനി പിടിപെടാനുള്ള ഏറ്റവും ഉയർന്ന അപകടസാധ്യത മലയോര മേഖലകളിലാണ്. എന്നാൽ ആശങ്കാജനകമായ മറ്റൊരു കാരണം നഗരപ്രദേശങ്ങളിലേക്കും രോഗം പടരുന്നതാണ്.
വ്യാഴാഴ്ച മരിച്ച വർക്കല സ്വദേശിനി അശ്വതിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം വളർത്തുമൃഗങ്ങളുടെ രക്തസാമ്പിളുകളും, അവയുടെ പുറത്തെ ചെള്ളുകളും ശേഖരിച്ചിരുന്നു. ഇവിടെ നായ്ക്കുട്ടിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ചെള്ള് പനിക്ക് കാരണമായ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് അന്തിമ ഫലമായി കണക്കാക്കാൻ കഴിയില്ല.