ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം : ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാം ഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റിൽ ലിസ്റ്റ് ലഭ്യമാകും. അഞ്ച് ലക്ഷത്തിലധികം പേരാണ് കരട് പട്ടികയിലുള്ളത്. പട്ടികയിൽ പരാതിയുള്ളവർക്ക് രണ്ട് ഘട്ടങ്ങളിലായി അപ്പീൽ നൽകാൻ അവസരമുണ്ട്. അപ്പീലിന്റെ ആദ്യ ഘട്ടം ജൂൺ 17 നകം സമർപ്പിക്കണം.
ഗ്രാമപഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും മുനിസിപ്പാലിറ്റികളിൽ നഗര കൗൺസിൽ സെക്രട്ടറിക്കും അപ്പീൽ നൽകണം. ആദ്യ ഘട്ടത്തിന് ശേഷമുള്ള കരട് പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. പരാതിയുള്ളവർക്ക് ജൂലൈ എട്ടിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. അപ്പീലിന്റെ രണ്ടാം ഘട്ടത്തിന് ശേഷമുള്ള പട്ടിക ജൂലൈ 22ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് അഞ്ചിനു ഗ്രാമസഭകളുടെയും ഓഗസ്റ്റ് 10നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അംഗീകാരം ലഭിച്ച ശേഷം അന്തിമ പട്ടിക ഓഗസ്റ്റ് 16നു പ്രസിദ്ധീകരിക്കും.