തൃക്കാക്കരയിൽ പി ടി ക്ക് പിൻഗാമിയായി ഉമ : 25,112 വോട്ടിനു ലീഡ് നേടി ഉമ തോമസ് നിയമസഭയിലേക്ക്
കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റില്‍, പി.ടി. തോമസിന്‍റെ മണ്ഡലത്തില്‍, ജയം അനിവാര്യം തന്നെയായിരുന്നു ഉമക്ക്.
അതുവരെ പി.ടി. തോമസിന്‍റെ പിന്നില്‍നിന്ന് പ്രവര്‍ത്തിച്ച ഉമ തോമസിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍ അത് നിയോഗം പോലെയായി അവര്‍ക്ക്. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് പി.ടിയെ സ്നേഹിച്ചവര്‍ക്ക് ഇടയിലേക്ക് ഇറങ്ങുകയായിരുന്നു ഉമ.
പി.ടി. തോമസിന്‍റെ ഭാര്യയെന്ന നിലയില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല ഇത്രയും കാലം ഉമ. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പി.ടി. തോമസിനൊപ്പം മണ്ഡലത്തില്‍ സജീവമാകുന്നതായിരുന്നു ഉമയുടെ രീതി. പി.ടി. തോമസിനൊപ്പം പാട്ടുപാടി തെരഞ്ഞെടുപ്പ് വേദികളില്‍ പണ്ടേ ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എറണാകുളം സ്വദേശിനി എന്ന നിലയിലും മൂന്നു പതിറ്റാണ്ടായി മണ്ഡലത്തിലെ സ്ഥിര താമസക്കാരി എന്ന നിലയിലും ജനങ്ങള്‍ക്ക് സുപരിചിതയായിരുന്നു.
56 കാരിയായ ഉമ ബി.എസ്.സി സുവോളജി ബിരുദധാരിയാണ്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ഫിനാന്‍സ് അസിസ്റ്റന്‍റ് മാനേജരാണ്.
കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എറണാകുളം മഹാരാജാസ് കോളജിലാണ് വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നത്. 1980 – 85 കാലയളവില്‍ പ്രീഡിഗ്രി, ഡിഗ്രി പഠനകാലത്തായിരുന്നു ഇത്. 1982 ല്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പാനലില്‍ വനിത പ്രതിനിധിയായി വിജയിച്ചു. 1984 ല്‍ കോളജ് യൂനിയന്‍ വൈസ് ചെയര്‍പേഴ്സണായും തെരഞ്ഞെടുക്കപ്പെട്ടു.
മഹാരാജാസില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ഉമ സജീവമായിരിക്കെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്നു പി.ടി. തോമസ്. ക്രിസ്തുമത വിശ്വാസിയായ പി.ടി. തോമസും ബ്രാഹ്മണ കുടുംബാംഗമായ ഉമയും അക്കാലത്താണ് പ്രണയത്തിലായത്. 1987 ജൂലൈ ഒമ്ബതിന് വിവാഹം. വിവാഹത്തോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.
കുടുംബം: മൂത്തമകന്‍ ഡോ. വിഷ്ണു തോമസ് തൊടുപുഴ അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജിലെ അസി. പ്രഫസര്‍. ഇളയമകന്‍ വിവേക് തോമസ് തൃശൂര്‍ ഗവ. ലോ കോളജില്‍ നിയമ വിദ്യാര്‍ഥി. മരുമകള്‍ ബിന്ദു അബി തമ്ബാന്‍ ആലുവയില്‍ ഡെന്റല്‍ ഡോക്ടറാണ്.