പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് 10,000 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന് അറക്കുളം പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്


മൂലമറ്റം: പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് 10,000 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന് അറക്കുളം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കി.
വൈദ്യുതി ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വാര്‍ഡ് മെമ്ബര്‍ സുശീല ഗോപി പരാതിപ്പെട്ടതിനെ തുടര്‍ന്ന് അസി. സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം ഇവിടെ നടന്ന യാത്രയയപ്പ് ചടങ്ങിന്റെ അവശിഷ്ടങ്ങളാണ് മാലിന്യമെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ഹരിത നിയമത്തിലെ വിവിധ വകുപ്പുകളും പഞ്ചായത്തീരാജ് നിയമമനുസരിച്ചും പിഴയീടാക്കാന്‍ തീരുമാനിച്ചത്.
നിയമവിരുദ്ധമായി പൊതുസ്ഥലത്ത് തള്ളിയ മാലിന്യം നീക്കം ചെയ്യണമെന്നും ഏഴു ദിവസത്തിനകം പിഴയടയ്ക്കണമെന്നും നോട്ടില്‍ ആവശ്യപ്പെടുന്നു. മൂലമറ്റം ജനറേഷന്‍ സര്‍ക്കിള്‍ ഓഫീസില്‍ നിന്നും വിരമിക്കുന്ന ഏഴ് ഉദ്യോഗസ്ഥര്‍ക്കായി ചൊവ്വാഴ്ച യാത്രയയപ്പ് നല്‍കിയിരുന്നു. ഭക്ഷണവുമുണ്ടായിരുന്നു. മിച്ചം വന്ന ഭക്ഷണാവശിഷ്ടങ്ങളും ഡിസ്‌പോസിബിള്‍സമെല്ലാം സര്‍ക്കിള്‍ ഓഫിസിന് സമീപം റോഡരികിലാണ് നിക്ഷേപിച്ചത്.
ഇവിടെയിട്ട് കത്തിക്കുകയും ചെയ്തു. കത്തി തീരാതെ അവശേഷിക്കുന്നവ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. മഴ പെയ്താല്‍ ഇവയൊഴുകിയെത്തുന്നത് നച്ചാറിലേയ്ക്കാണ്. നൂറുകണക്കിനാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വെള്ളമാണിത്. പൊതു സ്ഥലത്ത് മാലിന്യം കത്തിക്കുന്നതും വലിച്ചെറിയുന്നതും രണ്ടു ലക്ഷം രൂപ വരെ പിഴയും ആറുമാസം കഠിന തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.