കിടപ്പിലായ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പേസ് സെന്റര്‍
സമഗ്ര ശിക്ഷ കേരള ഇടുക്കി ജില്ലയിലെ കിടപ്പിലായ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച സ്‌പേസ് (സ്‌പെഷ്യല്‍ പ്ലാറ്റ്‌ഫോം ടു അച്ചീവ് ക്ലാസ്സ് റൂം എക്‌സ്പീരിയന്‍സ് ഫോര്‍ ബെഡ്‌റിഡന്‍ ചില്‍ഡ്രന്‍) സെന്ററിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
അഞ്ചു ലക്ഷം രൂപ ചിലവഴിച്ചാണ് സെന്ററില്‍ ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കിടപ്പിലായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാലയ അനുഭവം നല്‍കുകയാണ് സ്‌പേസ് സെന്ററിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്ത് ഇവിടെ ചെലവഴിക്കാം. മറ്റു വിദ്യാര്‍ത്ഥികളുമായി ഇടപെടുകയും ചെയ്യാം.
ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന സെന്ററില്‍ പരിശീലനം ലഭിച്ച അദ്ധ്യാപകര്‍, തെറാപ്പിസ്‌റ്, ആയ, ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ സേവനം ലഭ്യമാണ്. തെറാപ്പി മാറ്റ്, ഇലക്ട്രോണിക് വീല്‍ ചെയര്‍, പാരലല്‍ ബാര്‍, സിപി (സെറിബ്രല്‍ പാള്‍സി) ചെയര്‍, എയര്‍ ബെഡ്, ഐസിയു ബെഡ്, വാക്കര്‍, അഡാപ്റ്റര്‍ ടോയ്‌ലറ്റ്, ട്രെഡ് മില്‍ തുടങ്ങി നാല്‍പതോളം ആധുനിക സംവിധാനങ്ങളാണ് സെന്ററില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ കിടപ്പിലായ 260 വിദ്യാര്‍ത്ഥികളാണുള്ളത്. വിവിധയിടങ്ങളിലുള്ള ഇവരെ സ്‌പേസ് സെന്ററിലെത്തിക്കാനുള്ള യാത്ര സൗകര്യവും ചെലവും സ്‌കൂളും പഞ്ചായത്തും വഹിക്കും.