മറയൂര്‍ ശര്‍ക്കര തിരിച്ചറിയാൻ ഇനി ജി.ഐ ടാഗ്


മറയൂര്‍: മറയൂര്‍ ശര്‍ക്കര എന്ന പേരില്‍ വ്യാജ ശര്‍ക്കര വിപണിയില്‍ എത്തുന്നത് തടയാന്‍ നടപടിയുമായി കരിമ്ബ് ഉല്‍പാദന വിപണന സംഘം.
മറയൂര്‍ ശര്‍ക്കരക്ക് ലഭിച്ച ഭൗമസൂചിക പദവിയുടെ സ്റ്റിക്കര്‍ (ജി.ഐ ടാഗ്) കവറില്‍ ഒട്ടിച്ചു നല്‍കാനാണ് തീരുമാനം. ഇതിന്‍റെ ഭാഗമായി അംഗീകൃത ജി.ഐ ടാഗ് കര്‍ഷകര്‍ക്ക് നല്‍കിത്തുടങ്ങി.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിക്കുന്ന ശര്‍ക്കര ഒട്ടേറെ കച്ചവടക്കാര്‍ മറയൂര്‍ ശര്‍ക്കര എന്ന വ്യാജ ലേബലിലാണ് വിറ്റഴിക്കുന്നത്. ഇതിനാല്‍ മറയൂര്‍ ശര്‍ക്കരയുടെ വിപണനം കുറയുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രദേശത്തെ പല കര്‍ഷകരും കരിമ്ബില്‍നിന്ന് മറ്റ് കൃഷികളിലേക്ക് മാറുകയാണ്. ഈ അവസ്ഥ തുടര്‍ന്നാല്‍ മറയൂരില്‍നിന്ന് കരിമ്ബുകൃഷി അപ്രത്യക്ഷമാകും. ഇത് തടയാനാണ് പുതിയ നീക്കം.
നിലവില്‍ മറയൂരിലെ സംഘങ്ങള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കാണ് ഭൗമ സൂചിക പദവിയുടെ അംഗീകാരം നല്‍കിയത്. മറ്റ് കര്‍ഷകര്‍ സംഘത്തിന് ഒരു സ്റ്റിന്‍റിന് ഒരു രൂപ നിരക്കില്‍ നല്‍കുകയും തങ്ങളുടെ ഉല്‍പാദനം എത്ര എന്ന് അറിയിക്കുകയും ചെയ്യുന്നതിനനുസരിച്ച് ആവശ്യമുള്ള സ്റ്റിക്കര്‍ നല്‍കുമെന്ന് സംഘം പ്രസിഡന്റ് ബി. മണികണ്ഠന്‍, സെക്രട്ടറി അക്ബര്‍ അലി എന്നിവര്‍ പറഞ്ഞു. ഇനി മുതല്‍ ജി.ഐ ടാഗ് ഒട്ടിച്ച് മാത്രമായിരിക്കും മറയൂര്‍ ശര്‍ക്കരയുടെ വിപണനം. സ്റ്റിക്കര്‍ ഒട്ടിക്കാത്തവ മറയൂര്‍ ശര്‍ക്കരയായി അംഗീകരിക്കില്ല.