കൊവിഡ് കാലത്ത് സമരം നടത്തി കേസുകൾ വാരി കൂട്ടിയ യുവ നേതാക്കൾക്ക് ആശ്വാസം ; പ്രശ്നത്തിൽ ഇടപ്പെട്ട് കെ പി സി സി
കട്ടപ്പന: കോവിഡ് കാലത്ത് സർക്കാരിനെതിരെ സമരം നടത്തി കേസുകളിലായ യുവ നേതാക്കളെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കൈവിട്ട സംഭവത്തില്‍ കെ.പി.സി.സി ഇടപെട്ടു.നിരോധനാഞ്‌ജ മറികടന്ന് പ്രതിഷേധ സമരങ്ങൾ നടത്തി കേസില്‍ പ്രതികളാക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു നേതാക്കളുടെയടക്കം യോഗം വിളിക്കുന്നതിനും കേസുകൾ പാര്‍ട്ടി ഏറ്റെടുത്ത് നടത്തുന്നതിനും തീരുമാനമായി.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് കാലത്തെ സമര പോരാളികളെ ജില്ലാ കോൺഗ്രസ് നേതൃത്വവും ജില്ലയിലെ മുതിർന്ന സംസ്ഥാന നേതാക്കളും തഴഞ്ഞുവെന്ന വാർത്ത പുറത്തുവന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങള്‍ മറികടന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും മുഖ്യമന്ത്രിയ്ക്കെതിരായും സമരം നടത്തിയ 20 ലേറെ യൂത്ത്കോൺഗ്രസ് – കെ എസ് യു നേതാക്കളാണ് കേസ് നടത്താൻ പണമില്ലാതെ വെട്ടിലായത് . സമരങ്ങൾ നടത്തിയപ്പോൾ കേസുകൾ പാർട്ടി ഏറ്റെടുത്ത് നടത്തുമെന്നായിരുന്നു നേതൃത്വം യുവ നേതാക്കൾക്ക് നൽകിയ വാക്ക് .
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനം.എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തോടെ എൽ ഡി എഫ് വീണ്ടും അധികാരത്തിൽ എത്തിയതോടെ കോൺഗ്രസ് നേതൃത്വം മലക്കം മറിഞ്ഞു.പിന്നാലെ ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ അടക്കം സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യുവസംഘടനാ നേതാക്കൾക്ക് കേസുകളുടെ കൂമ്പാരമാണ് സമൻസായി എത്തിയത്.
ഇതേ സമയം സമരങ്ങളിൽ പങ്കെടുത്ത മുതിർന്ന നേതാക്കൾ സമ്മർദ്ദം ചെലുത്തിയും സ്വന്തം നിലയ്ക്ക് കേസു നടത്തിയും തടിതപ്പി.ലോക് ഡൗൺ സമയത്ത് സമരം നടത്തിയതിന് ഒരു നേതാവിനെതിരെ 20 മുതല്‍ 30 വരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് സൂചന.കേസുകൾ ഏറ്റെടുക്കുമെന്ന് കെ പി സി സി അറിയിച്ചതോടെ പിഴ ഒടുക്കിയാൽ തീരാത്ത കേസിൽ അകപ്പട്ട യുവനേതാക്കൾ ആശ്വാസത്തിലാണ്.