ഇ-വാഹനങ്ങൾക്കായി കണ്ണൂർ പൂർണ സജ്ജം; ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കുന്നു


കെഎസ്ഇബി ഇ-വാഹനങ്ങൾക്കായി കണ്ണൂർ ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച 89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിംഗ് സെന്ററുകൾ പ്രവർത്തന സജ്ജമായി. കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും മെയ് 16ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്യും. മയ്യിൽ ടൗൺ പരിസരത്ത് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷനാവും.
ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകൾ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും വേണ്ടിയും ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകൾ നാല് ചക്ര വാഹനങ്ങൾക്ക് വേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽ നിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം.
വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായാണ് പദ്ധതി. എല്ലാ ജില്ലകളിലും ചാർജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബിയാണ്. എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിംഗ് സ്‌റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെൻററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്. റീചാർജിംഗിനെക്കുറിച്ച് ആശങ്കയില്ലാതെ കേരളത്തിലുടനീളം വൈദ്യുതി വാഹനങ്ങളിൽ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കെഎസ്ഇബി ചാർജിംഗ് സ്‌റ്റേഷൻ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പോൾ മൗണ്ടഡ് സെൻറുകളിൽ നിന്ന് ചാർജ് ചെയ്യാനാവും.