മസ്കിൻ്റെ കാറുകൾ വേണ്ട; ടെസ്‌ല കാറുകൾ മുഴുവൻ തിരിച്ചയച്ച് ഡെൻമാർക്കിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനി


ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയുടെ വാഹനങ്ങൾ തിരികെ അയച്ച് ഡെൻമാർക്കിലെ പ്രമുഖ നിർമ്മാണ കമ്പനി ഷെർണിംഗ്. ടെസ്‌ല കാറുകൾക്കുണ്ടായ വിപണിയിലെ ഡിമാൻഡ് കുറവും സിഇഒ ആയ ഇലോൺ മസ്കിൻ്റെ രാഷ്ട്രീയ ചായ്‌വുമാണ് വാഹനങ്ങൾ തിരിച്ചയക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ ടെസ്‌ല ഉപഭോക്താക്കളിൽ പലരും വാഹനം വിൽക്കുന്നതിനെ പറ്റിയോ തിരികെ നൽകുന്നതിനെ പറ്റിയോ ചിന്തിക്കുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
‘തങ്ങൾ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് മാത്രമല്ല, ആരുടെ കൂടെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്നും തീരുമാനിക്കും അതുകൊണ്ടാണ് ടെസ്‌ലയുടെ കാറുകളുടെ താക്കോൽ തിരികെ നൽകാൻ തീരുമാനിച്ചത്. ടെസ്‌ല ഒരു മോശം കാറായത് കൊണ്ടല്ല, മറിച്ച് ഇലോൺ മസ്‌കിന്റെ രാഷ്ട്രീയ പ്രതിബദ്ധതയും അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ച അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ കൈമാറ്റം’ കമ്പനി പറയുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് നിയമങ്ങൾക്ക് പിന്നാലെ ടെസ്‌ല തിരിച്ചടി നേരിട്ടിരുന്നു. ട്രംപ് സർക്കാരിനൊപ്പം അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവ പങ്കാളിത്തമാണ് ടെസ്‌ല സിഇഒയയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോൺ മസ്ക് കാഴ്ചവെക്കുന്നത്. കുടിയേറ്റത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരായ നയങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിൻ്റെ വക്താവ് കൂടിയായ മസ്കിനോടുള്ള രാഷ്ട്രീയ വിയോജിപ്പുകളാവാം നിലവിൽ ടെസ്‌ലയെയും ബാധിച്ചതെന്നാണ് വിലയിരുത്തൽ.