വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു.


സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 18നും 55നുമിടയിൽ പ്രായമുള്ള വനിതകൾക്കായി സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിക്കുന്നു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ 30 പേരെ പരിശീലനത്തിനു തിരഞ്ഞെടുക്കും.
സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിനായി സംരംഭകത്വ പരിശീലനവും ധൈര്യപൂർവം ജീവിതസാഹചര്യങ്ങളെ നേരിടുന്നതിനും സ്വയം തീരുമാനമെടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരാക്കുന്ന പരിശീലന പരിപാടികളുമാണു സംഘടിപ്പിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1000 രൂപ സ്‌റ്റൈപ്പന്റ് നൽകും. മിനിമം യോഗ്യത പത്താം ക്ലാസ് പഠനം. 35നുമേൽ പ്രായമുള്ള അവിവാഹിതകൾ, വിവാഹമോചിതർ, അവിവാഹിതരായ അമ്മമാർ, സാമ്പത്തികമായി പിന്നോക്കവും നിലവിൽ തൊഴിലില്ലാത്തവരുമായവർ തുടങ്ങിയവർക്കു മുൻഗണന നൽകും.
പരിശീലനത്തിലൂടെ തൊഴിലന്വേഷകരായ വനിതകൾക്കു സ്വന്തമായി യൂണിറ്റുകൾ ആരംഭിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഭാവിയിൽ സ്വയംപര്യാപ്തത നേടുന്നതിനും സാഹചര്യം ഒരുക്കുന്നതിനുമാണു വനിതാ വികസന കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. ജില്ലകളിൽ അടുത്തമാസം നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ (പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം, നിലവിൽ ഏതെങ്കിലും തൊഴിൽ ഉണ്ടെങ്കിൽ ആ വിവരം, വാർഷിക കുടുംബ വരുമാനം, എന്നിവ രേഖപ്പെടുത്തിയിട്ടുള്ള) വനിതാ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫിസുകളിൽ മേയ് 21നു മുമ്പായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kswdc.org, 0471-2454570/89