ശർക്കരക്ക് അഞ്ച് ശതമാനം ജിഎസ്ടി : കേന്ദ്ര സർക്കാർ തീരുമാനം…
നഷ്ടക്കണക്കുകൾക്കിടയിലും കരിമ്പുകൃഷിയുമായി മുന്നോട്ട് പോയിരുന്ന കർഷകർക്ക് പ്രഹരമായി ശർക്കരയെ ജിഎസ്ടിക്കുള്ളിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ തീരുമാനം. ശർക്കരയ്ക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നത് മറയൂർ പ്രദേശത്തെ കരിമ്പു കൃഷിയെ തകർക്കുമെന്ന് ആശങ്ക. അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരിക്കുന്നത്. ശർക്കരയ്ക്ക് അഞ്ച് ശതമാനം ജിഎസ്ടി ചുമത്തുമ്പോൾ കർഷകരിൽ നിന്ന് ഈ തുക കുറച്ചാണ് കച്ചവടക്കാർ സംഭരിക്കുക.
പത്തുവർഷം മുൻപ് വരെ കേരളത്തിലെ അഞ്ചു ശതമാനം നികുതി ശർക്കരയ്ക്ക് ഈടാക്കി വന്നിരുന്നു ഇത് നിയമസഭ ചർച്ചക്കെടുത്ത് പിൻവലിച്ചു ഇപ്പോൾ കേന്ദ്രസർക്കാരാണ് ശർക്കരയ്ക്ക് ജിഎസ്ടി ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. മറയൂരിലെ പ്രധാന കാർഷിക ഉൽപന്നമാണ് ശർക്കര. എന്നാൽ ശർക്കരയ്ക്ക് നല്ല വില ലഭിക്കാത്തതിനാൽ ഒട്ടേറെ കർഷകർ മറ്റ് കൃഷിയിലേക്ക് പിന്തിരിഞ്ഞു. 3000 ഏക്കർ മേഖലയിൽ ഉണ്ടായിരുന്ന കരിമ്പ് ഇപ്പോൾ ആയിരത്തിൽ താഴെ ഏക്കറിലായി ചുരുങ്ങി. കച്ചവടക്കാരുടെ ചൂഷണവും തമിഴ്നാട്ടിൽ നിന്നു വ്യാജ ശർക്കരയുടെ വരവും മറയൂർ ശർക്കരയുടെ വിലയിടിവിന് കാരണമാണ്.
നിലവിൽ മറയൂർ ശർക്കരയ്ക്ക് മൊത്തക്കച്ചവടക്കാരിൽ നിന്നു കർഷകനു ലഭിക്കുന്നത് കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ്. എന്നാൽ പൊതുവിപണിയിൽ മറയൂർ ശർക്കരയ്ക്ക് 90 മുതൽ 120 രൂപ വരെയാണ് വില. ഭൗമ സൂചിക പദവി ലഭിച്ച മറയൂർ ശർക്കരയുടെ പേരിൽ തമിഴ്‌നാട്ടിൽ നിന്നു രാസവസ്തുക്കൾ കൂടുതൽ ഉപയോഗിച്ച വ്യാജ ശർക്കര ചില കച്ചവടക്കാർ കേരളത്തിലെത്തിച്ച് മറയൂർ ശർക്കരയുടെ ലേബലിൽ വിൽപന നടത്തുന്നു.
പ്രദേശത്ത് എത്തുന്ന വിനോദ സഞ്ചാരികൾ ശർക്കര ഉൽപാദിപ്പിക്കുന്ന കേന്ദ്രത്തിലെത്തി കണ്ടും വീട്ടാവശ്യങ്ങൾക്കു വാങ്ങുന്നതാണ് കർഷകർക്ക് നിലവിലെ മിച്ചം. എന്നാൽ ഇത് കുറഞ്ഞ തോതിലുള്ള വിൽപനയുമാണ്. കച്ചവടക്കാർക്ക് മൊത്തമായി നൽകുമ്പോൾ അവർ പറയുന്ന വിലയ്ക്ക് നൽകേണ്ടിവരുന്നു. ശർക്കര കാർഷിക ഉൽപന്നമാണ് നാണ്യവിളകളുടെ പട്ടികയിലുള്ളതല്ല ഇതിനാൽ ശർക്കര ജിഎസ്ടിയിൽ ഉൾപ്പെടുത്തിയിട്ടുള്ള തീരുമാനം പിൻവലിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.