പാലുൽപാദനച്ചെലവിലും കാലിത്തീറ്റ വിലവർധനയിലും പൊറുതിമുട്ടി ക്ഷീരകർഷകർ.
പാലുൽപാദനച്ചെലവിലും കാലിത്തീറ്റ വിലവർധനയിലും പൊറുതിമുട്ടി ക്ഷീരകർഷകർ. ഉൽപാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ല. ക്ഷീരമേഖലയെ ആശ്രയിച്ച് ജില്ലയിൽ ആയിരക്കണക്കിനു കുടുംബങ്ങൾ കഴിയുന്നുണ്ട്. പിടിച്ചുനിൽക്കാനാകാതെ, പലരും ഈ മേഖല ഉപേക്ഷിക്കുകയാണ്. സർക്കാരിൽനിന്ന് അനുകൂല നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ് ജില്ലയിലെ ക്ഷീരകർഷകർ.
ഒരു ചാക്ക് കാലിത്തീറ്റയുടെ ശരാശരി വില ഇപ്പോൾ 1300 രൂപയാണ്. സർക്കാർ പാൽവില കൂട്ടിയാൽ തൊട്ടു പിന്നാലെ കാലിത്തീറ്റയുടെ വിലയും വർധിപ്പിക്കും. പാൽവില കൂട്ടുന്നതു കൊണ്ടുള്ള പ്രയോജനം ഇതുമൂലം കർഷകനു ലഭിക്കുന്നില്ല. പാൽവില വർധിപ്പിച്ചാൽ പോലും കാലിത്തീറ്റയ്ക്കു മേൽ വിലനിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്നു കർഷകർ പറയുന്നു.
തീറ്റവില കുറയ്ക്കുകയോ അതല്ലെങ്കിൽ കുറഞ്ഞ നിരക്കിൽ കാലിത്തീറ്റ ലഭ്യമാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം. പിണ്ണാക്കിന്റെയും കച്ചിയുടെയും വിലയിലും വർധനയുണ്ട്. കന്നുകാലികളുടെ ചികിത്സച്ചെലവു വരെ വർധിച്ചതായി കർഷകർ പറയുന്നു.
ജില്ലയിലെ ഭൂരിഭാഗം ക്ഷീരകർഷകരും പാൽ വിൽപനയ്ക്കു ആശ്രയിക്കുന്നത് ക്ഷീര സംഘങ്ങളെയാണ്. ഒരു ലീറ്റർ പാലിന് 37 മുതൽ 40 രൂപവരെയാണ് കർഷകന് ലഭിക്കുന്നത്. പശുവിനെ വളർത്താനുള്ള ദൈംനംദിന ചെലവുകൾ നോക്കിയാൽ ഈ വില ലാഭകരമല്ല. മിൽമയുടെ പാൽ വില ചാർട്ടിലെ അപാകതയാണ് പാലിന് വില ലഭിക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
പാലിന്റെ കൊഴുപ്പും ഘടനയുമനുസരിച്ച് വില നൽകുന്നതാണ് പ്രശ്നത്തിന് കാരണം. കാലാവസ്ഥാ വ്യതിയാനം, തീറ്റയിലെ വ്യത്യാസം എന്നിവ അനുസരിച്ച് കൊഴുപ്പിൽ വ്യത്യാസം വരാം. ചൂടു കൂടിയതോടെ ഇപ്പോൾ പാലുൽപാദനം പൊതുവേ കുറഞ്ഞിട്ടുമുണ്ട്. ക്ഷീരമേഖലയോടുള്ള അവഗണനയ്ക്കെതിരെയും പാൽ വില വർധിപ്പിക്കുക, കാലിത്തീറ്റവില കുറയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും കേരള സ്റ്റേറ്റ് മിൽക്ക് സൊസൈറ്റീസ് അസോസിയേഷൻ (കെഎസ്എംഎസ്എ) നേതൃത്വത്തിൽ നാളെ തൊടുപുഴയിൽ ജില്ലാ ക്ഷീരവികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ചും ധർണയും നടത്തും.
രാവിലെ 10ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു മാർച്ച് ആരംഭിക്കുമെന്ന് കെഎസ്എംഎസ്എ ജില്ലാ പ്രസിഡന്റ് പി.ആർ. സലികുമാർ, ജനറൽ സെക്രട്ടറി എം.ആർ. അനിൽകുമാർ, തൊടുപുഴ താലൂക്ക് പ്രസിഡന്റ് എം.ടി. ജോണി എന്നിവർ അറിയിച്ചു. മിൽമയുടെ പാൽവില ചാർട്ട് പരിഷ്കരിക്കുക, ത്രിതല പഞ്ചായത്ത് സബ്സിഡി കർഷകന് 40,000 രൂപയിൽനിന്ന് ഒരുലക്ഷം ആക്കുക,എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ആശുപത്രി ആരംഭിക്കുക, മിൽമ സംഘങ്ങൾക്ക് നൽകുന്ന മാർജിൻ 10 ശതമാനം ആക്കുക, കാലിത്തീറ്റയ്ക്ക് 50 ശതമാനം സബ്സിഡി ഏർപ്പെടുത്തുക, ക്ഷീര സംഘങ്ങളെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കുക, ത്രിതല പഞ്ചായത്ത് പദ്ധതി ഫണ്ട് 20% ക്ഷീരമേഖലയ്ക്ക് മാറ്റി വയ്ക്കുക, എല്ലാ ക്ഷീരകർഷകരെയും തൊഴിലുറപ്പു പദ്ധതിയിൽപെടുത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങളും സംഘടന മുന്നോട്ടുവയ്ക്കുന്നു.