മെഡിക്കൽ കോളേജിൽ പോകാതെ ഇനി സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ.
തിരുവനന്തപുരം: ഇ-സഞ്ജീവനി വഴി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ലഭ്യമാക്കും. മെഡിക്കൽ കോളേജുകളിൽ പോകാതെ അവിടെനിന്നുള്ള സൂപ്പർ സ്പെഷ്യലിറ്റി സേവനങ്ങൾ എല്ലാ കുടുംബാരോഗ്യകേന്ദ്രങ്ങളിലേക്കും എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിൽ സ്വകാര്യ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഉപയോഗിക്കും.
കുടുംബാരോഗ്യകേന്ദ്രങ്ങളിലും അർബൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും എത്തുന്ന രോഗിയെ അവിടുത്തെ ഡോക്ടർ പ്രാഥമികപരിശോധന നടത്തും. സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ചികിത്സയ്ക്ക് നിർദേശിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ ജില്ലാ ജനറൽ ആശുപത്രിയിലെയോ മെഡിക്കൽ കോളേജിലെയോ ഡോക്ടർക്ക് ‘ ഡോക്ടർ ടു ഡോക്ടർ’ സേവനം വഴി ബന്ധിപ്പിക്കും. തുടർന്ന് രോഗിയെ നിരീക്ഷിച്ച് മരുന്ന് നിർദേശിക്കുക സ്പെഷ്യലിസ്റ്റ് ഡോക്ടറാവും.കുറിപ്പടി നൽകിയാൽ സർക്കാർ ആശുപത്രികളിൽനിന്ന് മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും.
ഗൃഹസന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ സ്റ്റാഫ്, ആശാവർക്കർമാർ, സ്റ്റാഫ് നഴ്സുമാർ എന്നിവർക്കും ഡോക്ടർ ടു ഡോക്ടർ വഴി ഡോക്ടർമാരുടെ സേവനം രോഗികൾക്ക് നൽകാം. നിലവിൽ ഈ രീതിയിൽ അയ്യായിരത്തോളംപേരെ ചികിത്സിച്ചു. പദ്ധതി നടത്തിപ്പിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതലസമിതിയും ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലുള്ള ജില്ലാതലസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. വരുംഘട്ടങ്ങളിൽ കാസ്പുമായി ചേർന്ന് സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും ഉറപ്പാക്കാൻ സാധിക്കും.