മുട്ടം കോടതിക്കവലയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു.
മുട്ടം: മുട്ടം കോടതിക്കവലയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. അങ്കമാലി ശബരിമല സംസ്ഥാനപാതയുടെയും തൊടുപുഴ പുളിയന്മല റോഡിന്റെയും സംഗമ സ്ഥാനമായ മുട്ടത്ത് എത്തി ബസ് മാറി കയറുന്ന ഒട്ടേറെ യാത്രക്കാരുണ്ട്. കടത്തിണ്ണയിൽ ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്. ഈരാറ്റുപേട്ട റൂട്ടിൽ മാത്രമാണ് ബസ് കാത്തുനിൽക്കാൻ കാത്തിരിപ്പു കേന്ദ്രമുള്ളത്. മൂലമറ്റം റൂട്ടിൽ നിന്നോ തൊടുപുഴ റൂട്ടിൽ നിന്നോ എത്തുന്നവർക്ക് ഈരാറ്റുപേട്ട റൂട്ടിലേക്കു ബസ് കയറാൻ ഏറെ ദൂരം നടക്കണം. ഇതിന് പരിഹാരമായി മുട്ടത്ത് ഒരു ബസ് സ്റ്റാൻഡ് നിർമിക്കണം. നിലവിൽ ഒരു സ്റ്റാൻഡ് ഉണ്ടെങ്കിലും പാലാ, ഈരാറ്റുപേട്ട റൂട്ടിലുള്ള ബസുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്.
ടാക്സി സ്റ്റാൻഡായി ഉപയോഗിക്കുന്നതിനാൽ ബസ് സ്റ്റാൻഡിൽ ബസുകൾ എത്താറുമില്ല. മുട്ടത്ത് ഒരു ബസ് സ്റ്റാൻഡ് ഉണ്ടെങ്കിൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും. തൊടുപുഴ, ഇടുക്കി, തൊടുപുഴ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി റോഡുകളുടെ സംഗമ കേന്ദ്രമാണിവിടം. തലങ്ങും വിലങ്ങും ഓടുന്ന വാഹന പെരുപ്പംമൂലം മുട്ടത്ത് ഗതാഗതക്കുരുക്കുകൾ പതിവാണ്. ഇതിനിടെ ടൗണിലെ ബസ് സ്റ്റോപ്പുകൾ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കും. ഇടുക്കി, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ശബരിമല യാത്രക്കാർ അടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന ഈ ജംക്‌ഷനിൽ ഇത്രയും വാഹനങ്ങൾ ഉൾക്കൊള്ളുന്നതിനുള്ള റോഡുപോലുമില്ല.
എല്ലാ യാത്രക്കാർക്കും പ്രയോജനകരമായ രീതിയിൽ മുട്ടം കോടതി കവലയിൽ ഒരു ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. വിദ്യാലയങ്ങളിൽനിന്നും കോടതി, ജില്ലാ ഹോമിയോ ആശുപത്രി, വ്യവസായ പാർക്ക്, ജില്ലാ ജയിൽ, ഹോസ്റ്റലുകൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിൽ നിന്നും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് കോടതി കവലയിലാണ്. ഇതിനു സമീപത്ത് ഒരു ബസ് സ്റ്റാൻഡ് വന്നാൽ എല്ലാ റൂട്ടുകളിൽനിന്നും വരുന്ന ബസുകൾക്ക് ഇവിടെ പ്രവേശിക്കാനും മുട്ടത്തെ ഭൂരിഭാഗം യാത്രക്കാർക്ക് പ്രയോജനകരവുമാകും.