കമ്പിളികണ്ടം-കളരിക്കുന്ന്- നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം-കളരിക്കുന്ന്-നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിലവാരമുള്ള റോഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ എല്ലാ റോഡുകളും ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പറഞ്ഞു. മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ വിനിയോഗിച്ച് 776 മീറ്റര്‍ കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തികരിച്ചാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്.
കമ്പിളികണ്ടം കളരിക്കുന്നില്‍ ചേര്‍ന്ന യോഗത്തില്‍ കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, ത്രിതല പഞ്ചായത്തംഗങ്ങളായ ഷൈനി സജി, സുമംഗല വിജയന്‍, അച്ചാമ്മ ജോയി, മേരി ജോര്‍ജ്ജ്, വിവിധ രാഷ്ട്രായ-സാമൂദായിക-സംഘടന പ്രതിനിധികളായ എന്‍.വി ബേബി, ഷാജി കാഞ്ഞമല, എം.എന്‍ വിജയന്‍, ഷാജി തോമസ്, വിത്സണ്‍ തോമസ്, ഷാജി കൊച്ചുപുര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.