യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ പഠനംബജറ്റിലെ തുക ഉപയോഗിച്ച് സാധ്യമാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
കട്ടപ്പന: യുക്രെയിനില്‍ നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച തുക ഉപയോഗിച്ച് സര്‍ക്കാര്‍ തലത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഇതിനായി ഉടൻ തന്നെ യോഗം വിളിച്ചു ചേര്‍ക്കും. ഇടുക്കി ജില്ലയില്‍ ഇത്തരത്തില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ കോഴ്സുകൾ, സിലബസ്, തുടങ്ങിയ മുഴുവൻ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.
യുദ്ധത്തെ തുടര്‍ന്ന് യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും മാതാപിതാക്കളുടെയും കൂട്ടായ്മ ഓള്‍ കേരള യുക്രൈന്‍ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് പേരന്റ്‌സ് അസോസിയേഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടോമി ഫിലിപ്പിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസത്തിനായി 10 കോടി രൂപയാണ് സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയത്. യുക്രെയിനില്‍ നിന്ന് മടങ്ങിയെത്തിയ ഇടുക്കി ജില്ലയില്‍ നിന്നുള്ള വിവിധ വര്‍ഷങ്ങളില്‍ പഠിക്കുന്ന 49 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കണക്കും സംഘടന നല്‍കി.