പേ ആൻഡ് പാർക്ക് വിവാദം; തീരുമാനം സ്റ്റീയറിംഗ് കമ്മറ്റിയ്ക്ക് വിട്ട് കൗൺസിൽ
കട്ടപ്പന : പഴയ ബസ് സ്റ്റാൻഡിൽ പേ ആൻഡ് പാർക്ക് നടപ്പാക്കുക തന്നെ ചെയ്യുമെന്ന് കട്ടപ്പന നഗരസഭ.വിവാദ വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി കൗൺസിൽ യോഗം സ്‌റ്റീയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തി.വ്യാപാരി സംഘടന പ്രതിനിധികളുമായും കൗൺസിലിലെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനാണ് തീരുമാനം. അതേ സമയം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്ത ശേഷം വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് എൽ ഡി എഫ് അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും യു ഡി എഫ് – ബി ജെ പി കൗൺസിലർമാരുടെ എതിർപ്പിനെ തുടർന്ന് ആവശ്യം നടപ്പായില്ല.
ഇടത് കൗൺസിലർമാർക്ക് ഈ വിഷയത്തിൽ എതിർപ്പുണ്ടെങ്കിൽ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് ഭരണകക്ഷി ആവശ്യപ്പെട്ടങ്കിലും ഇതിനും ഇടത് പക്ഷം തയ്യാറായില്ല.തുടർന്ന് കൗൺസിൽ യോഗം ഒന്നടങ്കം പ്രശ്ന പരിഹാരത്തിനായി സ്റ്റീയറിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.പേ ആൻഡ് പാർക്കിനായി സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പിഴുതുമാറ്റിയ സംഭവത്തിൽ കർശന നിയമ നടപടിയുമായി മുൻപോട്ട് പോകാനും അന്വേഷണത്തിൽ പൊലീസ് അലംഭാവം വരുത്തിയാൽ കോടതിയെ സമീപിക്കാനും കൗൺസിൽ തീരുമാനിച്ചു.പേ ആൻഡ് പാർക്ക് ആരംഭിക്കാനായി കരാറുകാരന് ലേലത്തിൽ നൽകിയ പഴയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ വ്യാപാരികളും സി ഐ റ്റി യു പ്രവർത്തകരും പിഴുതുമാറ്റിയ സംഭവത്തിലാണ് ഇന്നലെ അടിയന്തിര കൗൺസിൽ ചേർന്നത്.
നഗരസഭാ തീരുമാനം അട്ടിമറിച്ചുകൊണ്ട് ഇരുമ്പ് പൈപ്പുകൾ പിഴുതുമാറ്റിയ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് ഭരണകക്ഷിയും ബി ജെ പി അംഗങ്ങളും പ്രകടിപ്പിച്ചത്.എന്നാൽ വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് എൽ എഡി എഫ് അംഗം ഷാജി കൂത്തോടിയാണ് ആവശ്യപ്പെട്ടത്.
ഇതോടെയാണ് കൗൺസിലിൽ യോഗം ബഹളത്തിൽ മുങ്ങി .കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിൽ ഈ വിഷയം ചർച്ച ചെയ്യുകയും നഗരസഭയുടെ സ്ഥലം വെറുതെ ഇട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും അറിയിച്ച ശേഷമാണ് ലേലത്തിൽ നൽകിയത്. തുടർന്ന് ഗ്രൗണ്ട് അടയാളപ്പെടുത്തി നൽകുന്നതിനായി ജീവനക്കാരെത്തിയപ്പോൾ പ്രതിഷേധക്കാർ അപമര്യാദയായി പെരുമാറി.
പേ ആൻഡ് പാർക്കിനുള്ള സ്ഥലത്തിന്റെ ദൂര പരിധി നിശ്ചയിക്കുന്നതിൽ ചില കച്ചവടക്കാർക്ക് എതിർപ്പുള്ളതായി വ്യാപാരി സംഘടനാ നേതാക്കൾ ഫോണിൽ വിളിച്ചറിയിച്ചിരുന്നു.ഇത് പരിഹരിക്കാമെന്നും വാഹനങ്ങൾ കടന്ന് പോകുന്നതിനുള്ള സ്ഥല പരിധി കൂട്ടിയിട്ടുമാണ് പൈപ്പുകൾ സ്ഥാപിച്ചത്. എന്നാൽ ഇതൊന്നും ഗൗനിക്കാതെയാണ് പ്രതിഷേധക്കാർ ഇരുമ്പ് ദണ്ഡുകൾ പിഴുതുമാറ്റിയതെന്ന് വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം കുറ്റപ്പെടുത്തി.മുൻ കൗൺസിലുകളിൽ ഗ്രൗണ്ട് പെയ്ന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തി നൽകുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയെതെന്ന് എൽ ഡി എഫ് അംഗം സിജോമോൻ ജോസ് ആരോപിച്ചു.
തുടർന്ന് സംസാരിച്ച യു ഡി എഫ് അംഗം സിബി പാറപ്പായി പ്രതിഷേധക്കാർക്കെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.നഗരസഭ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പറിച്ചുമാറ്റുവാൻ പ്രതിഷേധക്കാർക്ക് അധികാരം നൽകിയത് ആരാണെന്നും ലേലം പിടിച്ചയാളുടെയും പൈപ്പുകളുടെയും അടക്കം മുഴുവൻ നഷ്ടവും ഈടാക്കണമെന്നും പഴയ സ്റ്റാൻഡിൽ ബങ്കുകൾ മാത്രമാണ് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നും ഇതിന്റെ മറവിൽ കൈയ്യേറിയെടുത്ത സ്ഥലം വിട്ടു നൽകിയാൽ തന്നെ ആവശ്യത്തിന് സ്ഥലം ലഭിക്കുമെന്നും സിബി പാറപ്പായി വിമർശിച്ചു.എൽ ഡി എഫ് അംഗങ്ങൾക്ക് എതിർപ്പുണ്ടെങ്കിൽ അത് വിയോജനക്കുറിപ്പായി എഴുതി നൽകണമെന്ന ആവശ്യവും സിബി പാറപ്പായി ഉന്നയിച്ചു. വർഷങ്ങളായി വെറുതെ കിടന്ന സ്ഥലമായതിനാൽ പൈപ്പുകൾ സ്ഥാപിച്ച് വേർതിരിച്ച് നൽകണമെന്നും കഴിയില്ലെങ്കിൽ കരാറുകാരന് പണം തിരിച്ച് നൽകണമെന്ന് ബി ജെ പി അംഗം തങ്കച്ചൻ പുരയിടത്തിൽ ആവശ്യപ്പെട്ടു.
വിഷയം അടിയന്തിരമായി വ്യാപാരി സംഘടനാ നേതാക്കളുമായി ചർച്ച് ചെയ്ത് എത്രയും വേഗത്തിൽ പാർക്കിംഗ് നടപ്പാക്കും. നഗരസഭ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകൾ നശിപ്പിച്ച സംഭവത്തിൽ നിയമപരമായി തന്നെ മുന്നോട്ട് പോകും എന്നും കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ജോബി അറിയിച്ചു..