ബസുകളുടെ മത്സര ഓട്ടം : മൂലമറ്റം റൂട്ടിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി
ബസുകളുടെ മത്സര ഓട്ടം വർധിച്ചതോടെ മൂലമറ്റം റൂട്ടിൽ അപകടങ്ങളും പതിവായതായി പരാതി. കഴിഞ്ഞ ആഴ്ച ശങ്കരപ്പള്ളി, ഏഴാംമൈൽ ഭാഗങ്ങളിൽ 2 കെഎസ്ആർടിസി ബസുകൾ അപകടത്തിൽപെട്ടു. 7നു വൈകിട്ട് മൂലമറ്റം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും എതിരെ വന്ന പിക്കപ് വാനും കൂട്ടിയിടിച്ചു. പിറ്റേന്നു വൈകിട്ട് 6ന് കട്ടപ്പന ഭാഗത്തു നിന്നുള്ള കെഎസ്ആർടിസി ബസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ ഇടിച്ചു. ഹൈറേഞ്ച് മേഖലയിൽ നിന്നു വരുന്ന ബസുകളുടെ അമിത വേഗമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നതെന്നാണ് പരാതി.
മഴ പെയ്യുന്ന സമയങ്ങളിൽ റോഡിൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്താൽ വാഹനം തെന്നിമാറും. ഇതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്. വൈകിട്ട് കട്ടപ്പന ഭാഗത്തു നിന്നുള്ള സ്വകാര്യ ബസും കെഎസ്ആർടിസി ബസും കലക്ടറേറ്റിലെ ജീവനക്കാരെ ബസിൽ കിട്ടുന്നതിന് മത്സരം ഓട്ടം പതിവാണെന്ന് പറയുന്നു. തൊടുപുഴയിലേക്ക് പോകുന്ന ബസുകൾ പലതും കുളമാവ് സ്റ്റാൻഡിലും മൂലമറ്റം സ്റ്റാൻഡിലും കയറ്റാതെ അശോക കവലയിൽ നിന്നു തിരിഞ്ഞ് തൊടുപുഴ ഭാഗത്തേക്കു സർവീസ് നടത്തുന്നതായി പരാതിയുണ്ട്