നഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിത പ്രായാസങ്ങള്‍ അടിയന്തരമായി പരിഹരിക്കും: മന്ത്രി കെ രാജന്‍
കേരളത്തില്‍ നഷ്ടങ്ങളുണ്ടായ മനുഷ്യരുടെ ജീവിത പ്രായാസങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നുള്ളത് ഗൗരവമായി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും നഷ്ട്ടപ്പെട്ട ആധാരരേഖകള്‍ക്ക് പകരമുള്ളവയുടെ സൗജന്യ വിതരണവും കൊക്കയാറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊക്കയാറില്‍ ഇനിയും സഹായം ലഭിക്കേണ്ടതായി ആരെങ്കിലുമുള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തിരമായി ഒരു അദാലത്ത് നടത്തുവാനും മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
2021 ഒക്ടോബര്‍ പതിനാറിന് സമാനതകളില്ലാത്ത മഹാദുരന്തത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. പീരുമേട് താലൂക്കിന്റെ വിവിധമേഖലകളിലും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും കൊക്കയാര്‍ പെരുവന്താനം പഞ്ചായത്തുകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. 9 ജീവനുകള്‍ ദുരന്തത്തില്‍ പൊലിഞ്ഞു. വീടുകളും, കൃഷിസ്ഥലങ്ങളും. വളര്‍ത്തുമൃഗങ്ങളും, ജീവനോപകരണങ്ങളും നഷ്ടപെട്ടവര്‍ അനവധിയാണ്. കൊക്കയാറില്‍ വീട് നഷ്ടപ്പെട്ടവരില്‍ പട്ടയമില്ലാത്തവരും ഉണ്ടായിരുന്നു. സാധാരണ ഇത്തരം വിഭാഗത്തിന് കുന്നില്‍ ചെരുവില്‍ ഒരു ലക്ഷത്തിആയിരം രൂപയും സമതലത്തില്‍ 94,000 രൂപയുമാണ് സാധാഹണയായി ധന സഹായം നല്‍കുന്നത്. എന്നാല്‍ കൊക്കയാറില്‍ 70 ശതമാനത്തിലേറെ നാശം സംഭവിച്ച വീടുകള്‍ക്ക് 4 ലക്ഷം രൂപയും, ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി വാങ്ങാന്‍ 6 ലക്ഷം രൂപയും വീട് വെയ്ക്കാന്‍ 4 ലക്ഷം രൂപയും നല്‍കുവാനുള്ള ഐതിഹാസികമായ തീരുമാനമാണ് കൈക്കൊണ്ടത്. 702 അപേക്ഷകളാണ് കൊക്കയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ളബിച്ചത്. 629 കേസുകള്‍ പരിശോധിച്ചതില്‍ 552 എണ്ണം അംഗീകരിച്ചു പണം വിതരണം ചെയ്യാവുന്ന തലത്തിലെത്തിച്ചിട്ടുണ്ട്. വീട് പൂര്‍ണ്ണമാി തകര്‍ന്ന 9 അപേക്ഷയും ഭൂമിയും വീടും തകര്‍ന്ന 102 അപേക്ഷകളില്‍ 63 എണ്ണവും അംഗീകരിച്ചു. ബാക്കിയുള്ളവയുടെ പരിശോധന നടക്കുകയാണ്. ദുരന്തഭൂമിയിലെ ഓരോ വികാരനിര്‍ഭരമായ കാഴ്ചകളും ഏഴ് വയസുകാരന്‍ സച്ചുവിന്റെ മൃതദേഹം കണ്ടെത്തിയപ്പോഴത്തെ വേദനയും എല്ലാം അദ്ദേഹം പങ്കുവച്ചു. എല്ലാ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ ഏകോപിപ്പിച്ച ജില്ലാ കളക്ടറെ മന്ത്രി അഭിനന്ദിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്റെയും മറ്റു മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സേവനങ്ങളെയും അദ്ദേഹം ഓര്‍മിച്ചു.
കൊക്കയാര്‍ സിഎസ്ഐ പാരിഷ് ഹാളില്‍ നടന്ന പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജനി ജയകുമാര്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എല്‍ ഡാനിയേല്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി പുല്ലാട്ട്, മറ്റ് ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എഡിഎം ഷൈജു പി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.