പണം നൽകിയില്ല ; സർക്കാർ വാഹനത്തിന് ജപ്‌തി നോട്ടീസ്
രാജകുമാരി : പൊതുമരാമത്ത് (റോഡ്) വിഭാഗം റോഡ് വികസനത്തിനു ഭൂമിയേറ്റെടുത്തതുമായി ബന്ധപ്പെട്ട 4 എൽഎആർ (ലാൻഡ് അക്വിസിഷൻ ആൻഡ് റീസെറ്റിൽമെന്റ്) കേസുകളിൽ തീർപ്പുണ്ടാകാത്തതിനാൽ ക്ഷീരവികസന, മൃഗസംരക്ഷണ, കൃഷി വകുപ്പുകളുടെ 4 വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതിയുടെ വാറന്റ്. തുടർന്ന് ക്ഷീരവികസന വകുപ്പിന്റെ 2018 മോഡൽ ജീപ്പ് ജപ്തി ചെയ്ത് ഏറ്റെടുത്തു. ഗുണനിയന്ത്രണ വിഭാഗം ക്ഷീരസംഘങ്ങളിലെ പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്ന മൊബൈൽ ലാബ് സൗകര്യമുള്ള വാഹനമാണു ജപ്തി ചെയ്തത്. പാലിന്റെ പരിശോധനയ്ക്ക് ആവശ്യമുള്ള അനലൈസർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇൗ വാഹനത്തിലുണ്ട്.
വാഹനം ജപ്തി ചെയ്തതോടെ ക്ഷീരസംഘങ്ങളിലെ പരിശോധനകൾ നിലച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി ക്ഷീരവികസന വകുപ്പിനു ലഭിച്ച വാഹനമാണിത്. വർഷങ്ങൾക്കു മുൻപ് തൊടുപുഴ-രാമമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിഭാഗം ഭൂമി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥല ഉടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. ഇൗ റോഡിനു വേണ്ടി സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലുണ്ടായിരുന്ന 114 കേസുകൾ നേരത്തേ തീർപ്പായിരുന്നു.
10,21,36,509 രൂപ പൊതുമരാമത്ത് വിഭാഗം അനുവദിക്കുകയും ചെയ്തു. എന്നാൽ ഇതിൽ ഉൾപ്പെടാത്ത 4 എൽഎആർ കേസുകളാണ് ഇതുവരെ തീർപ്പാകാത്തത്. ഇൗ 4 കേസുകളിലുമായി 17,17,065 രൂപയാണു പൊതുമരാമത്ത് വിഭാഗം നഷ്ടപരിഹാരം നൽകാനുള്ളത്. മണക്കാട് സ്വദേശിയായ വീട്ടമ്മയുടെ ഹർജിയിലാണ് 5,62,975 രൂപ ഇൗടാക്കുന്നതിനായി ക്ഷീരവികസന വകുപ്പിന്റെ വാഹനം ജപ്തി ചെയ്ത്‍ വാറന്റ് ആയത്. ലേല നടപടികളിലേക്കു പോകുന്നതിനു മുൻപ് ബോണ്ട് നൽകി വാഹനം വീണ്ടെടുക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണു ക്ഷീര വികസന വകുപ്പ് അധികൃതർ.
മൃഗസംരക്ഷണ വകുപ്പിന്റെ 2 വാഹനങ്ങൾക്കും കൃഷി വകുപ്പിന്റെ ഒരു വാഹനത്തിനുമാണ് ഇനിയും ജപ്തി നോട്ടിസ് ലഭിച്ചിട്ടുള്ളത്. ജപ്തി നോട്ടിസ് ലഭിച്ച വകുപ്പുകൾ തുടർനടപടികൾ സ്വീകരിക്കുന്നതിനു ജില്ലാ ഭരണകൂടത്തിനു കത്ത് നൽകിയിട്ടുണ്ട്. തീർപ്പാകാത്ത കേസുകളിലെ നഷ്ടപരിഹാരമായ 17,17,065 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് (റോഡ്) വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയറുടെ ഓഫിസിന് ഒരു മാസം മുൻപു കത്ത് നൽകിയിരുന്നു.