ക്രൈംബ്രാഞ്ച് 11 തസ്തിക നിർത്തലാക്കുന്നു; പിൻവാതിൽ നിയമനത്തിനെന്ന് ആക്ഷേപം
തിരുവനന്തപുരം : നിയമോപദേശകരെ നിയമിക്കാനായി ക്രൈംബ്രാഞ്ചില്‍ 11 പൊലീസ് തസ്തികകള്‍ നിര്‍ത്തലാക്കുന്നു. കേസ് അന്വേഷിക്കാന്‍പോലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ ബുദ്ധിമുട്ടുന്നതിനിടെയാണു നിയമോപദേശകരുടെ ശമ്പള ബാധ്യതയുടെ പേരില്‍ തസ്തിക കുറച്ചത്. സര്‍ക്കാരിനു താല്‍പര്യമുള്ളവരെ പിന്‍വാതില്‍ നിയമനം നടത്താനാണു നിയമനമെന്നും ആക്ഷേപമുണ്ട്.
കേരളത്തിലെ കുറ്റാന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ചിന് കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐയുടെയും എന്‍ഐഎയുടെയും മാതൃകയില്‍ സ്വന്തമായി നിയമോപദേശകരെ അനുവദിക്കുകയാണ്. അതിനായി നാല് പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവായി. നിലവില്‍ അതത് കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരോടോ ഹൈക്കോടതിയിലെത്തുന്ന കേസുകളില്‍ എജിയോടോ ആണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടുന്നത്.
ഇതുമാറി സ്വന്തമായി നിയമോപദേശകരാകുന്നതോടെ അന്വേഷണവും കേസ് നടത്തിപ്പും കൂടുതല്‍ മെച്ചപ്പെടും. ഒരു ലക്ഷത്തോളമാണ് ഓരോ നിയമോപദേശകരുടെയും ശമ്പളം. അതുണ്ടാക്കുന്ന നഷ്ടം നികത്താനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്ന മാര്‍ഗം 11 പൊലീസ് തസ്തിക ഇല്ലാതാക്കുകയെന്നതാണ്. 2 എഎസ്‍ഐ, 4 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍, 5 സിപിഒ എന്നീ തസ്തികകളാണ് നിര്‍ത്തലാക്കുന്നത്. ഇപ്പോള്‍തന്നെ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ ക്രൈംബ്രാഞ്ച് ബുദ്ധിമുട്ടുകയാണ്.
പ്രധാന കേസുകള്‍ അന്വേഷിക്കുന്ന ഡിവൈഎസ്പിമാരുടെ കൂടെപോലും നാലും അഞ്ചും തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുന്നു. അതിനിടെയാണ് താഴേതട്ടില്‍ പണിയെടുക്കുന്നവരെ ഒഴിവാക്കുന്നത്. തസ്തിക റദ്ദാക്കുന്നതോടെ പിഎസ്‌സി നിയമനം കാത്തിരിക്കുന്ന പൊലീസ് ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയാകും. സര്‍ക്കാരിന് താല്‍പര്യമുള്ള അഭിഭാഷകര്‍ക്ക് ഉന്നത ജോലി നല്‍കുകയാണ് ലക്ഷ്യമെന്നും ആക്ഷേപമുണ്ട്.