അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ്
ന്യൂഡൽഹി∙ അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ മീറ്റിയറോളജിക്കൽ ഡിപ്പാർട്മെന്റ് (ഐഎംഡി). വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി പ്രവേശിക്കുന്നതിനാല്‍ തമിഴ്നാടിന്റെ തീരപ്രദേശത്തും ലക്ഷ്വദീപിലും അടുത്ത രണ്ട് ദിവസങ്ങളിൽ മഴ കനക്കുമെന്നും ഐഎംഡി പ്രവചിക്കുന്നു. വെസ്റ്റേൺ ഡിസ്റ്റർബൻസ് (Western Disturbance) എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഫലമായി ജമ്മു കശ്മീർ, ലഡാക്, ഗിൽജിത്–ബാൾട്ടിസ്ഥാൻ മേഖല, മുസഫറാബാദ് എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സാന്നിധ്യം മൂലം ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ വരുന്ന മൂന്ന് ദിവസങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ വ്യാപക മഴയ്ക്ക് സാധ്യത. ബംഗാൾ, സിക്കിം എന്നിവിടങ്ങളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഒഡീഷ, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 20 ന് സമാനമായ കാലാവസ്ഥ അനുഭവപ്പെടാം. വിദർഭ, മധ്യപ്രദേശ് ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ഫെബ്രുവരി 18, 19,20 എന്നി തീയതികളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.