മെസ്സേജ് വരും ; കറന്റ് പോയില്ലേലും ക്യാഷ് പോകും
തൊടുപുഴ∙ ‘നിങ്ങൾ ഇതുവരെ വൈദ്യുതി ബിൽ അടച്ചിട്ടില്ല. ഇന്ന് രാത്രി 9.30ന് വൈദ്യുതി വിഛേദിക്കും’ ഇങ്ങനെ ഒരു സന്ദേശം നിങ്ങളുടെ ഫോണിൽ എത്തിയാൽ അതിൽ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കരുത്. വിളിച്ചാൽ ഒറ്റരാത്രികൊണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാകും.
കെഎസ്ഇബിയുടെ പേരിൽ വ്യാജ സന്ദേശം അയച്ച് ഓൺലൈൻ തട്ടിപ്പ് നടത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ ആളുകൾക്ക് വ്യാപകമായി ഇത്തരം സന്ദേശം ലഭിക്കുന്നുണ്ട്. സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ ഇംഗ്ലിഷ് അല്ലെങ്കിൽ ഹിന്ദി ഭാഷകളിലാണ് മറുപടി. നിങ്ങൾ പണം അടച്ചത് കെഎസ്ഇബിയിൽ സ്വീകാര്യമായില്ല, അതുകൊണ്ട് വേഗം വിവരങ്ങൾ പരിശോധിക്കണം. അതിനായി ഒരു മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെന്നും ആവശ്യപ്പെടും. പണം ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ഉപഭോക്താവിന്റെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങളും ഇവർ പറയുകയും ചെയ്യുമ്പോൾ തട്ടിപ്പുകാരുടെ വാക്കുകൾ വിശ്വസിച്ചു പോകും.
ഇൗ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ സുരക്ഷാ കാര്യങ്ങളിൽ സ്വയം അനുവാദം നൽകുന്നതോടെ ഫോണിലെ സകല വിവരങ്ങളും തട്ടിപ്പുകാർക്കു ലഭിക്കും. ഫോണിൽ സംസാരിച്ചു തന്നെയാകും ഇവർ ഇതു ചെയ്യുക. ഇൗ സമയം തന്നെ തട്ടിപ്പുകാർ ഉപഭോക്താവിന്റെ ബാങ്കിങ് വിവരങ്ങൾ വേഗത്തിൽ ചോർത്തി എടുത്ത് പണം പിൻവലിക്കാൻ തുടങ്ങുകയും ഫോണിലേക്ക് വരുന്ന ഒടിപി നമ്പർ ആവശ്യപ്പെടുകയും ചെയ്യും. ഇതു നൽകിയാൽ അക്കൗണ്ടിലെ പണം നഷ്ടമാകും. ഇതാണ് തട്ടിപ്പിന്റെ രീതി.
രാത്രി വൈദ്യുതി മുടങ്ങും എന്ന സന്ദേശം സന്ധ്യാ സമയങ്ങളിലാണ് എത്തുക. അതുകൊണ്ടു തന്നെ ആളുകൾ വൈദ്യുതി മുടങ്ങും എന്ന പേടിയിൽ സന്ദേശത്തിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുകയും പറ്റിക്കപ്പെടുകയും ചെയ്യും. ഓൺലൈൻ ആയി വൈദ്യുതി ബില്ലുകൾ അടയ്ക്കാറുള്ള ആളുകൾക്കാണ് ഇത്തരത്തിൽ സന്ദേശം ലഭിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരുന്നത് ഇവിടെ നിന്നാണെന്ന് അധികൃതർക്കും അറിയില്ല. കെഎസ്ഇബിയുടെ വെബ്സൈറ്റിൽ വൈദ്യുതി ബിൽ അടയ്ക്കാൻ കൺസ്യൂമർ നമ്പർ നൽകിയാൽ വിവരങ്ങൾ ലഭ്യമാകും.
എന്നാൽ തട്ടിപ്പുകാർ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ മുഴുവനും എടുക്കുന്നത്. വിളിക്കുന്ന ആളുകളുടെ നമ്പറിന് പിന്നാലെ പോയാൽ വെസ്റ്റ് ബംഗാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ വിലാസങ്ങളാണു കാണാൻ കഴിയുക. മൊബൈൽ പ്ലേ സ്റ്റോറിൽ മാറി മാറി വന്നുകൊണ്ടിരിക്കുന്ന ആപ്പുകൾ തട്ടിപ്പിന് ഉപയോഗിക്കുന്ന സാഹചര്യത്തിൽ പോലും ഇതിനു പിന്നിലെ ആളുകളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 2020 മുതലാണ് ഇത്തരം തട്ടിപ്പുകൾ ആരംഭിച്ചത്.
രാത്രി കാലങ്ങളിൽ വൈദ്യുതി വിഛേദിക്കുകയില്ലെന്നും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി അധികൃതർ പറയുന്നു. കെഎസ്ഇബി ഔദ്യോഗികമായി നൽകുന്ന സന്ദേശങ്ങളിൽ 13 അക്ക കൺസ്യൂമർ നമ്പർ, കുടിശിക തുക, വൈദ്യുതി ഓഫിസിന്റെ പേര് എന്നിവ ഉണ്ടാകും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടില്ല. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ അടുത്തുള്ള കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടണമെന്നും ടോൾ ഫ്രീ നമ്പറായ 1912 എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് വിളിക്കാമെന്നും കെഎസ്ഇബി അധികൃതർ പറയുന്നു.