കേരളത്തിലെ ആദ്യ കാരവൻ പാർക്ക് വാഗമണ്ണിൽ ആരംഭിക്കുന്നു.
ഇടുക്കി: ജില്ലാ ടൂറിസത്തിന് പുത്തനുണർവ് നൽകി സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വാഗമണിൽ ആരംഭിക്കുന്നു. കേരളത്തിന്റെ മനോഹരമായ കുന്നും കാടും കടലും കായലും എല്ലാം ഇനി സഞ്ചരിച്ചുകൊണ്ട് കാണാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ കേരള ടൂറിസത്തിന്റെ ഭാഗമാകുന്നത് ടൂറിസം മേഖലയ്ക്ക് കൂടുതൽ സാദ്ധ്യതകൾ തെളിയിക്കുന്നു.
സ്വകാര്യ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ‘കാരവൻ കേരള’ പദ്ധതി നടപ്പാക്കുന്നത്. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാൻ അവസരം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ കേരള പദ്ധതിയിൽ സ്വകാര്യമേഖലയിൽ നിന്നും ഇതുവരെ 303 കാരവനുകൾക്കായി 154 വ്യക്തികൾ/സ്ഥാപനങ്ങൾ ടൂറിസം വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. ആദ്യ 100 കാരവൻ പാർക്കുകൾക്കായി 67 വ്യക്തികൾ/സ്ഥാപനങ്ങൾ മുന്നോട്ട് വന്നുകഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ കാരവൻ പാർക്ക് വേനലവധിക്കു മുൻപ് വാഗമണിൽ തുറക്കാനുളള തയ്യാറെടുപ്പിലാണ്.