ഇടുക്കി ജില്ലയിൽ കോവിഡ് കുറയുന്നു; ശ്രദ്ധ കുറയ്ക്കേണ്ട
തൊടുപുഴ ∙ ജില്ലയിൽ 1213 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 1985 പേർ കോവിഡ് മുക്തരായി. ജില്ലയിലെ പ്രതിദിന കോവിഡ് കേസുകളിൽ കുറവുണ്ട്. എങ്കിലും, വരും ദിവസങ്ങളിലും രോഗപ്രതിരോധത്തിൽ ശ്രദ്ധ തുടരണമെന്നു ആരോഗ്യവിദഗ്ധർ പറയുന്നു. സ്വയം ശ്രദ്ധ തുടർന്നാൽ അടുത്തയാഴ്ചയോടെ രോഗവ്യാപന തോത് ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തുടർച്ചയായ മൂന്നാമത്തെ ഞായർ ദിനത്തിലും ഏർപ്പെടുത്തിയ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളോടു ജനങ്ങൾ സഹകരിച്ചതോടെ പൊതുഇടങ്ങൾ ഇന്നലെ തിരക്കൊഴിഞ്ഞ നിലയിലായിരുന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നെങ്കിലും തിരക്കുണ്ടായിരുന്നില്ല. പാഴ്സൽ സർവീസ് മാത്രമായി ചില ഹോട്ടലുകളും ഇന്നലെ പ്രവർത്തിച്ചു. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ രാവിലെ മുതൽ പൊലീസ് രംഗത്തുണ്ടായിരുന്നു.
കോവിഡ് പ്രതിരോധം: ഭാരതീയ ചികിത്സാ വകുപ്പ് സജ്ജം
സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം എന്നീ പ്രതിരോധ പദ്ധതികൾ, കോവിഡ് ചികിത്സാ പദ്ധതിയായ ഭേഷജം, കോവിഡനന്തര ചികിത്സാ പദ്ധതിയായ പുനർജനി, കുട്ടികൾക്കു വേണ്ടിയുള്ള കിരണം എന്നിങ്ങനെ വിവിധ പദ്ധതികളുമായി ആയുർവേദ വകുപ്പും കാര്യക്ഷമമാണ്. കോവിഡനന്തര ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള മരുന്നുകൾ ജനങ്ങളിൽ എത്തിക്കുന്നുണ്ട്.
ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുർവേദ സ്ഥാപനങ്ങളും സിദ്ധ ഡിസ്പെൻസറികളും മുഖേന ഈ സേവനങ്ങൾ സൗജന്യമായി ജനങ്ങൾക്കു നൽകുന്നു. ഭാരതീയ ചികിത്സാ വകുപ്പ് മുഖേന ലഭ്യമാകുന്ന സേവനങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.