അടിമാലി: നേര്യമംഗലം, അടിമാലി, മച്ചിപ്ലാവ് വനമേഖലയില്‍ കാട്ടുതീ തടയാന്‍ വിപുലമായ നടപടികളുമായി വനംവകുപ്പ്
നൂറുകിലോമീറ്ററോളം ഫയര്‍ ലൈന്‍ നിര്‍മാണം ഇതിനകം പൂര്‍ത്തിയാക്കുകയും ഹെക്ടര്‍ കണക്കിന് സ്ഥലത്തെ ഉണങ്ങിയ പുല്ലുകള്‍ കണ്‍ട്രോള്‍ ബേണിങ്ങിലൂടെ കത്തിച്ച് വനമേഖല അഗ്‌നിമുക്തമാക്കുകയും ചെയ്തു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാട്ടുതീയാണെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇലകൊഴിയും കാടുകളാണ് നേര്യമംഗലം വനമേഖലയുടെ പ്രത്യേകത. വേനല്‍ ശക്തി പ്രാപിക്കുന്നതോടെ ഇരുള്‍, കരിമരുത് തേക്ക്, വെണ്‍തേക്ക് തുടങ്ങി വൃക്ഷങ്ങള്‍ ഇലകള്‍ കൊഴിച്ച് പ്രകൃതിക്കിണങ്ങും വിധം പ്രതിരോധിക്കാന്‍ തയാറെടുക്കും.ഇങ്ങനെ ധാരാളമായി കൊഴിഞ്ഞു വീഴുന്ന ഇലകളും ചുള്ളികളും ഉണങ്ങി വരണ്ട് കനത്ത കാട്ടുതീക്കുള്ള ഇന്ധനമായി മാറും. കൂടാതെ, പാറക്കെട്ടുകളോടുകൂടിയ ഈ വനമേഖലയില്‍ പാറപ്പുറത്ത് പറ്റിവളരുന്ന പുല്ലുകളടക്കം ധാരാളം വിവിധ സസ്യങ്ങളുമുണ്ട്. ഇവയും വേനലില്‍ ഉണങ്ങി കാട്ടുതീക്ക് കാരണമാകും.
ഇവിടെ പ്രതിരോധം വനം വകുപ്പിന് കടുത്ത വെല്ലുവിളിയാണ്.പ്രത്യേക പരിശീലനം നല്‍കി ആദിവാസി യുവാക്കളെ ഫയര്‍ വാച്ചര്‍മാരായും നിയോഗിച്ചിട്ടുണ്ട്. കാട്ടുതീ മുക്തമായി ഈ വര്‍ഷം വനത്തെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് അറിയിച്ചു. കാട്ടുതീ ഉണ്ടായാല്‍ അറിയിക്കേണ്ട ഫോണ്‍ നമ്ബര്‍: 8547601475, 8547601442