ഒമ്പത് വർഷമായി ;കെ.എസ്.ആർ.ടി.സി. ഡിപ്പോ നിർമാണം അന്തിമഘട്ടത്തിൽ


തൊടുപുഴ : പുതിയ കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ അന്തിമഘട്ട നിർമാണം പുരോഗമിക്കുന്നു. ഇപ്പോൾ എ.സി.പി. പാനലിങ്ങാണ് നടക്കുന്നത്. എത്രയും പെട്ടെന്ന് ഡിപ്പോ തുറന്ന് നൽകുക എന്ന ലക്ഷ്യംവെച്ചാണ് പണികൾ വേഗത്തിൽ നടത്തുന്നത്.ഒൻപത് വർഷം മുൻപ് തുടങ്ങിയ ഡിപ്പോയുടെ നിർമാണം വൈകാതെ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ഇത്തവണയെങ്കിലും നടക്കണേ.:ജനുവരി 10-നാണ് അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെ.എസ്.ആർ.ടി.സി. കം ഷോപ്പിങ് കോംപ്ലക്‌സിന്റെ പണി ആരംഭിച്ചത്.
എന്നാൽ, നിർമാണം നീണ്ടുപോയി. ആദ്യം 12.5 കോടിയാണ് നിർമാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. നിർമാണ പ്രവർത്തികൾ നീണ്ടുപോയതോടെ ചെലവ് ഉയർന്ന് 16 കോടിയായി.
പിന്നെയും അവസാനഘട്ട നിർമാണ പ്രവർത്തനങ്ങൾ ബാക്കിയായി. ഇക്കാര്യം മാതൃഭൂമി നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു. പി.ജെ.ജോസഫ് എം.എൽ.എ. വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയതിനെ തുടർന്ന് രണ്ട് കോടി രൂപ കൂടി അനുവദിച്ചു.
ഓഫീസ് സജ്ജീകരിക്കൽ, ഗ്ലാസ് വർക്ക്, ടൈൽ പണി, തൂണുകൾക്ക് ഇടയിലെ ചോർച്ച അടയ്ക്കൽ, പെയിന്റിങ് എന്നിവ ഏകദേശം പൂർത്തിയായിട്ടുണ്ട്. ഉടൻ തന്നെ ഇവിടെനിന്ന് കെ.എസ്.ആർ.ടി.സി. സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ.