രക്തപ്പാടുകളിൽ ഭയന്ന് മൂലമറ്റം
മൂലമറ്റം : മൂലമറ്റത്ത് സ്വകാര്യബസ് സ്റ്റാൻഡിലെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തം തളം കെട്ടിക്കിടന്നത് പോലീസിനെയും നാട്ടുകാരെയും ആശങ്കയിലാക്കി. രാത്രിയിൽ കത്തിക്കുത്തു നടന്നെന്ന തരത്തിലുള്ള കിംവദന്തികൾ പിന്നാലെ പരന്നു. കുത്തിയയാളെയും കുത്തേറ്റയാളെയും കണ്ടെത്താനുമായി പിന്നീട് നാട്ടുകാരുടെയും പോലീസിന്റെയും ശ്രമം. ഒടുവിൽ മണിക്കൂറുകൾ നീണ്ട പരിഭ്രാന്തിക്കൊടുവിൽ ‘പ്രതി’യെ കണ്ടെത്തി.
അറക്കുളം മൈലാടിക്ക് സമീപം ആലിൻചുവട് പെരുമ്പാറടിയിൽ സോമി(40)യാണ് തട്ടിവീണ് തലയിലേറ്റ മുറിവുമായി രക്തമൊഴുക്കി നാടിനെയാകെ പേടിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന സോമിക്ക് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം രാത്രിയിൽ കാൽതട്ടി തലയടിച്ചു വീണ് പരിക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.മദ്യത്തിന്റെ ആവേശത്തിൽ മുറിവ് കാര്യമാക്കാതെ അവിടെയുമിവിടെയുമെല്ലാം അലഞ്ഞു നടന്നു. പുലർച്ചെ ബോധം വീണപ്പോൾ സോമി താൻ പണിചെയ്യുന്ന തോട്ടത്തിലേക്ക് പോയി. പ്രദേശത്തെ നിരീക്ഷണക്യാമറയിൽനിന്നു ഒരാളെ കണ്ടെത്തിയെങ്കിലും അയാൾ ആരെന്ന് തിരിച്ചറിയാൻ പോലീസിന് മണിക്കൂറുകൾ നീണ്ട പരിശ്രമം വേണ്ടിവന്നു. കിലോമീറ്ററുകൾ നടന്നുള്ള തിരച്ചിലും.
നെട്ടോട്ടമോടി പോലീസ്:രാവിലെ ആറുമണിയോടെ ടൗണിലെത്തിയ ആളുകളാണ് രക്തം കെട്ടിക്കിടക്കുന്ന വിവരം സംഭവം പോലീസിനെ അറിയിച്ചത്. കത്തിക്കുത്ത് നടന്നുവെന്ന നിലയിലാണ് പോലീസിന് വിവരം നൽകിയത്.
മുറിവുകളോടെ സോമി തോട്ടത്തിലേക്ക് പോകുന്നതുകണ്ട തൊഴിലുറപ്പ് സ്ത്രീ നൽകിയ വിവരമനുസരിച്ചാണ് പോലീസിന് ഇയാളെ കണ്ടെത്താനായത്. അതിനായി മൂലമറ്റം സ്വിച്ച്‌യാർഡിനു സമീപത്തെ റബ്ബർ തോട്ടങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പോലീസ് സംഘം തിരച്ചിൽ നടത്തി. ഏതാണ്ട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ 11.45-ഓടെ മൂലമറ്റം ആഡിറ്റിന് താഴെയുള്ള റബ്ബർതോട്ടത്തിലെ ഷെഡിൽ അവശനിലയിൽ സോമിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ പോലീസ് അറക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി.
തലയിലെ മുറിവിന് മൂന്ന് തുന്നിക്കെട്ട് വേണ്ടിവന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം സോമിയെ തൊടുപുഴ താലൂക്കാശുപത്രിയിലെത്തിക്കാൻ രണ്ട് സുഹൃത്തുക്കൾക്ക് നിർദേശം നൽകിയ ശേഷമാണ് പോലീസ് മടങ്ങിയത്. എസ്.ഐ.മാരായ കെ .ഐ. നസീർ, ഇസ്മായിൽ, എ.എസ്.ഐ. സാംകുട്ടി, സി.പി.ഒ.മാരായ അരുൺ, ടോബി, ഷാജഹാൻ, അജീഷ് എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് സോമിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.