ആന്റി റാബിസ് വാക്സിന്റെ ഗുണനിലവാരം പരിശോധിക്കും; വിദഗ്ദ്ധ സമിതിയെ നിയമിച്ച് സർക്കാർ


കോഴിക്കോട്: ആന്‍റി റാബിസ് വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാൻ ശാസ്ത്രീയ അന്വേഷണം നടത്താൻ ഓഗസ്റ്റ് അവസാനം വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായി സർക്കാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. വിദഗ്ധ സമിതിയുടെ തീരുമാനം വരുന്നതിന് മുമ്പ് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്തുന്നത് അപക്വമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പറഞ്ഞു.
കേന്ദ്ര ലാബിന്‍റെ ഗുണനിലവാര സർട്ടിഫിക്കറ്റ് ഇല്ലാതെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആന്‍റി റാബിസ് വാക്സിൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സംഭവത്തിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. കോർപ്പറേഷൻ സംഭരിച്ച് വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അംഗീകൃത ലാബിന്‍റെ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ ആന്‍റി റാബിസ്(ഈക്വിൻ ആന്‍റി റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ വാക്സിൻ) വാക്സിൻ പോലുള്ള മരുന്നുകൾക്ക് ഗുണനിലവാര സർട്ടിഫിക്കറ്റ് ഉണ്ടാകാറില്ല. പേവിഷബാധയ്ക്കുള്ള മരുന്ന് വിതരണം ചെയ്യാൻ കോർപ്പറേഷൻ ചുമതലപ്പെടുത്തിയ വിൻസ് ബയോ പ്രൊഡക്ട്സ് ലിമിറ്റഡ് വിതരണം ചെയ്യുന്ന മരുന്നിന്‍റെ വിപണനത്തിന് നിരോധനമില്ല. മരുന്നുകൾക്ക് പണം നൽകുന്നതിന് മുമ്പ് സെൻട്രൽ ഡ്രഗ്സ് ലാബിന്‍റെ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകിയിരുന്നു.