കുതിച്ച് ഉയർന്ന് കോവിഡ്; കോളജുകൾ അടച്ചിടും; കടുത്ത നിയന്ത്രണം പരിഗണനയിൽ
കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ രോഗബാധിത മേഖലകളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുന്നത് സര്‍ക്കാരിന്‍റെ പരിഗണയില്‍. കോളജുകള്‍ അടക്കുന്നതും വ്യാപാരകേന്ദ്രങ്ങളും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണങ്ങളും നാളെ ചേരുന്ന കോവിഡ് അവലോകന യോഗം തീരുമാനിക്കും. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടവന്നേക്കും. എന്നാല്‍ പൂര്‍ണമായ അടച്ചിടലിലേക്ക് സംസ്ഥാന പോകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.
കോവിഡ്, ഒമിക്രോണ്‍ വ്യാപനം അതിതീവ്രാകുമ്പോള്‍ ആള്‍ക്കുട്ടം ഒഴിവാക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ ആലോചന. കലാലയങ്ങള്‍ രോഗവ്യാപനത്തിന്‍റെ കേന്ദ്രങ്ങളായതോടെ കോളജുകള്‍ അടച്ചിടുന്നത് സര്‍ക്കാരിന്‍റെ സജീവപരിഗണയിലാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രോല്‍സാഹിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സൂചിപ്പിച്ചു. രോഗവ്യാപനം കൂടിയ ജില്ലകള്‍ തിരിച്ച് നിയന്ത്രണം കൊണ്ടുവരുന്നതാണ് സര്‍ക്കാരിന്‍റെ പരിഗണനയില്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്ന സഹാചര്യത്തിലാണ് കടുത്ത നിയന്ത്രണം ആലോചനിയിലുള്ളത്. ടിപിആര്‍ 30ന് മുകളിലുള്ള ജില്ലകളില്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം ചീഫ് സെക്രട്ടറി കോവിഡ് അവലോകന യോഗത്തില്‍ അവതരിപ്പിച്ചേക്കും. ആളുകള്‍ കൂട്ടത്തോടെ എത്തുന്ന ഭക്ഷണശാലകള്‍ മാളുകള്‍ എന്നിവിടങ്ങളില്‍ നിയന്ത്രണം വേണമെന്നതാണ് ആലോചന.
സ്വിമ്മിങ് പൂളുകള്‍, ജിനേംഷ്യങ്ങള്‍ എന്നിവ രോഗവ്യാപന കേന്ദ്രങ്ങളാകാന്‍ സാധ്യതയുള്ളതില്‍ അടച്ചിരുന്നത് സര്‍ക്കാരിന്‍റെ ആലോചനയിലാണ്. ബാറുകള്‍ കുറച്ചുദിവസത്തേക്ക് രോഗവ്യാപന നിരക്ക് കൂടിയ തലസ്ഥാനത്ത് ഉള്‍പ്പടെ അടച്ചിടേണ്ടി വരുമെന്ന ചര്‍ച്ച സര്‍ക്കാര്‍ തലത്തിലുണ്ട്. അന്‍പതിനടത്ത് ടിപിആര്‍ വരുന്ന തലസ്ഥാന ജില്ലയിലാണ് സ്ഥിതി ഗുരുതരം. സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത നേതാക്കളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇതിനെതുടര്‍ന്ന് പൊതുപരിപാടികള്‍ക്ക് രോഗവ്യാപന മേഖലകളില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. വിനോദസഞ്ചാര കേന്ദ്രങ്ങളിലും ബീച്ചുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തിയേക്കും. കുട്ടികളും പ്രായമായവരും ഗുരുതര രോഗമുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്ന് നിര്‍ദേശം സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കും. പൊതുഗതാഗതത്തിലും നിയന്ത്രണം സര്‍ക്കാരിന്‍റെ ആലോചനയിലാണ്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി പ്രത്യേകം യോഗം വിളിച്ചു. ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണം വേണമോയെന്ന് കോവിഡ് അവലോകന യോഗത്തിലാവും തീരുമാനം എടുക്കുക.