എം.എം.മണി അപമാനിച്ചു; കെ.വി.ശശി മാറ്റി നിർത്തി: കോടിയേരിക്ക് രാജേന്ദ്രന്റെ കത്ത്
തൊടുപുഴ ∙ സിപിഎമ്മിൽനിന്നു പുറത്താക്കൽ നടപടി പ്രതീക്ഷിക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു നല്‍കിയ കത്ത് പുറത്ത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശിയുടെ നേതൃത്വത്തിൽ തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമം നടന്നു. ഇക്കാര്യം കേന്ദ്ര കമ്മിറ്റി അംഗങ്ങളെ അടക്കം അറിയിച്ചു. ശശി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു മാറ്റി നിർത്തി. യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ശശി തന്നെ അപമാനിച്ചുവെന്നും രാജേന്ദ്രൻ കത്തിൽ പറയുന്നു.
ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കാൻ രാജേന്ദ്രനും കൂട്ടരും ശ്രമിച്ചുവെന്ന ആരോപണത്തെ തുടർന്നു പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. കമ്മിഷനു രാജേന്ദ്രന്‍ നൽകിയ മറുപടിയും സംസ്ഥാന സെക്രട്ടറിക്കു നൽകിയ കത്തിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. എംഎൽഎ ഹോസ്റ്റലിൽവച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ അറിയിച്ചപ്പോൾ മുൻമന്ത്രി എം.എം.മണി അപമാനിച്ചു. അച്ഛനെയും അമ്മയെയും കുടുംബത്തെയും നോക്കി വീട്ടിലിരിക്കാനായിരുന്നു നിർദേശിച്ചതെന്നും കത്തിൽ പറയുന്നു.
∙ എം.എം.മണി പറഞ്ഞതെന്നു രാജേന്ദ്രൻ ആരോപിക്കുന്ന വാക്കുകൾ
‘നീ നാലു വട്ടം ജയിച്ചതല്ലേ, ഇനി നിനക്ക് എന്താണു വേണ്ടത്, അച്ഛനെയും അമ്മയെയും മക്കളെയും കുടുംബത്തെയും നോക്കി വീട്ടിലിരുന്നാൽ മതി. നിന്റെ മറ്റവനുണ്ടല്ലോ, ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, അവൻ എന്തെങ്കിലും സഹായിക്കുമെന്നു നീ കരുതിയാൽ എന്റെ സ്വഭാവം മാറും.’
എം.എം.മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളിൽനിന്നു വിട്ട് നിന്നത്. ഇക്കാര്യം ജില്ലാ സെക്രട്ടറിയെ അറിയിച്ചിരുന്നു. പാർട്ടി അംഗത്വത്തിൽ തുടരാൻ അനുവദിക്കണം. ജാതിയുടെ പേരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാജേന്ദ്രൻ കത്തിൽ സൂചിപ്പിച്ചു.